ന്യൂഡൽഹി: സുപ്രീംകോടതിയിലെ നാല് ഒഴിവുകളിലേക്ക് ജഡ്ജി നിയമനം നടത്തുന്നതിനെ ചൊല്ലി കൊളീജിയത്തിലെ മുതിർന്ന ജഡ്ജിമാർക്കിടയിൽ ഭിന്നതയുണ്ടെന്ന് സ്ഥിരീകരിച്ച് അഞ്ച് ജഡ്ജിമാരുടെ സംയുക്ത പ്രസ്താവന. പുതിയ ജഡ്ജിമാരുടെ നിയമനത്തിൽ അഭിപ്രായം എഴുതി അറിയിക്കാൻ ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നടപടിയിൽ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എസ്. അബ്ദുൽ നസീർ എന്നിവർ എതിർപ്പ് പ്രകടിപ്പിച്ചുവെന്ന് മൂവർക്കും പുറമെ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം ജോസഫ് കൂടി ഒപ്പിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. അടുത്ത ചീഫ് ജസ്റ്റിസിനെ ശിപാർശ ചെയ്യാൻ കേന്ദ്ര നിയമ മന്ത്രാലയം ഈ മാസം ഏഴിന് കത്ത് നൽകിയതിനാൽ തർക്കത്തിനാധാരമായ സെപ്റ്റംബർ 30ലെ കൊളീജിയത്തിന്റെ തുടർ നടപടി റദ്ദായെന്നും പ്രസ്താവനയിലുണ്ട്.
പരമോന്നത കോടതിയിൽ ജഡ്ജിമാരായി നിയമിക്കാനുള്ള ചീഫ് ജസ്റ്റിസ് ലളിതിന്റെ നീക്കത്തിന് തിരിച്ചടി നേരിട്ട തർക്കത്തിനിടയിലാണ് അടുത്ത ചീഫ് ജസ്റ്റിസിനെ നാമനിർദേശം ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്.
പുതിയ ജഡ്ജിമാരുടെ നിയമനത്തിൽ അഭിപ്രായം എഴുതി അറിയിക്കാൻ ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസിനോട് രണ്ട് ജഡ്ജിമാർ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. അഭിപ്രായം എഴുതി നൽകാൻ ആവശ്യപ്പെട്ട രീതി ഇരുവരും ചോദ്യം ചെയ്തു. സെപ്റ്റംബർ 30ന് കൊളീജിയം ചേരാനിരുന്നുവെങ്കിലും ജസ്റ്റിസ് ചന്ദ്രചൂഡിന് കേസുകളുടെ തിരക്ക് കാരണം ഒഴിവുണ്ടായിരുന്നില്ല. ഒക്ടോബർ ഒന്നിന് ദസറ അവധിക്കായി സുപ്രീംകോടതി അടക്കുകയും ചെയ്തു. തുടർന്നാണ് അഭിപ്രായം എഴുതി വാങ്ങി ജഡ്ജി നിയമനത്തിന് ചീഫ് ജസ്റ്റിസ് ലളിത് ശ്രമം നടത്തിയത്. ജഡ്ജി നിയമനങ്ങളുടെ പരമ്പര സൃഷ്ടിച്ച മുൻ ചീഫ് ജസ്റ്റിസ് രമണക്കു ശേഷം 74 ദിവസത്തെ കാലാവധിയുമായി വന്ന ചീഫ് ജസ്റ്റിസ് ലളിതിന് ഇതുവരെ ഒരു സുപ്രീംകോടതി ജഡ്ജിയെ നിയമിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.