മലപ്പുറം: കുട്ടികളെ സ്പെയിനിലേക്ക് പരിശീലനത്തിന് വിടാൻ പ്രവർത്തിക്കുന്ന ഏജൻസികൾ ഫുട്ബാൾ പരിശീലകരെയും സ്ഥാപനങ്ങളെയും സമീപിക്കുകയും വൻ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നതായി വെളിപ്പെടുത്തൽ. വലിയ കമീഷൻ ഓഫർ ചെയ്താണ് പല കോച്ചുമാരെയും ഇത്തരം സംഘങ്ങൾ വിളിക്കുന്നത്. സ്പെയിനിലേക്ക് പോരാൻ താൽപര്യമുള്ള കുട്ടികളെ സംഘടിപ്പിച്ച് തന്നാൽ സൗജന്യമായി സ്പെയിൻ യാത്രയും കുറച്ച് കുട്ടികൾക്ക് സൗജന്യ പരിശീലനവും വാഗ്ദാനം ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഇത്തരം അനുഭവങ്ങളുണ്ടായ പരിശീലകർ പറയുന്നു.
കേരളത്തെ കൂടാതെ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ചും ഇത്തരം ഏജൻസികൾ വല വിരിക്കുന്നുണ്ട്. ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെയും നാട്ടുകാരുടെ സഹായത്തോടെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെയുമാണ് സംഘങ്ങൾ ലക്ഷ്യമിടുന്നത്. കേരളത്തിൽ അവസരങ്ങൾ കുറവാണെന്നും സ്പെയിനിലെ പരിശീലന ശേഷം മികച്ച ഭാവിയുണ്ടെന്നും വിശ്വസിപ്പിച്ചാണ് പലരെയും കൊണ്ടുപോവുന്നത്.
‘‘നാട്ടിലെ ഒരു പയ്യന് വിദേശരാജ്യത്ത് ഫുട്ബാൾ കളിക്കാൻ അവസരം കിട്ടുമ്പോൾ സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവർ എന്ത് വില കൊടുത്തും അവനെ പറഞ്ഞയക്കണമെന്ന് ആഗ്രഹിക്കും. നാടിന്റെ അഭിമാനമായാണ് അതിനെ എല്ലാവരും കാണുക. എന്നാൽ ഇതിന്റെ പിന്നിലെ സാമ്പത്തിക ചൂഷണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ കുട്ടിയെയും കുടുംബത്തേയും പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു.
എന്നാൽ, സ്പെയിനിൽ പോയേ മതിയാവൂവെന്നാണ് കുട്ടി പറയുന്നത്’’ മലപ്പുറം സ്വദേശിയും സ്പെയിനിലെ പരിശീലനത്തിന് പോകാൻ തയാറായി നിൽക്കുന്ന ഒരു കുട്ടിയെ സഹായിക്കാൻ രൂപവത്കരിച്ച സമിതിയിലെ അംഗവുമായ ഒരു വ്യക്തി പങ്കുവെച്ച അനുഭവമാണിത്. ഇദ്ദേഹം പറഞ്ഞ സ്പെയിനിൽ പരിശീലനത്തിന് അവസരം ലഭിച്ച കുട്ടി നാട്ടുകാരുടെ കാരുണ്യം തേടി ഇപ്പോഴും കാത്തിരിപ്പിലാണ്.
അഞ്ച് ലക്ഷത്തോളം രൂപ വേണ്ടിടത്ത് ഒരു ലക്ഷംപോലും കുടുംബത്തിന് സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ സഹകരണത്തോടെ എങ്ങനെയെങ്കിലും പണം ഒപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. സ്പെയിനിലേക്ക് കൊണ്ടുപോകുന്ന ഏജൻസി പണമടക്കാൻ പറഞ്ഞ തീയതി കഴിഞ്ഞിട്ടും രണ്ട് തവണ നീട്ടികൊടുത്തിരിക്കുകയാണ്. ഏജൻസിക്ക് പണം കിട്ടിയാൽ മതി. അതിനായി അവർ പണമടക്കാനുള്ള സമയം ഇനിയും നീട്ടിക്കൊടുത്തേക്കാം.
സ്കോളർഷിപ്പോടെ പരിശീലനത്തിൽ പങ്കെടുക്കാമെന്ന് കേൾക്കുമ്പോൾ ആദ്യം മനസിലൊരു ലഡു പൊട്ടും. പക്ഷേ, 50 ശതമാനം മാത്രമാണ് സ്കോളർഷിപ്പെന്നും ബാക്കി തുക പരിശീലനത്തിന് പോകുന്നയാൾ അടക്കണമെന്നുമാണ് ഏജൻസികളുടെ ഓഫർ. കേൾക്കുമ്പോൾ തന്റെ കളി മികവ് കൊണ്ടാണ് സ്കോളർഷിപ്പ് കിട്ടിയതെന്ന് വിചാരിച്ച് കുട്ടികൾ ബാക്കി തുകക്കായി നെട്ടോട്ടമോടുന്നു. മൊത്തം തുകയായ അഞ്ച് ലക്ഷത്തിൽ സ്കോളർഷിപ്പ് കഴിഞ്ഞ് രണ്ടര ലക്ഷം അടക്കണമെന്നാവും നിർദേശം. പക്ഷേ, ഇതിന്റെ കൂടെ വിമാന ടിക്കറ്റും മറ്റ് ചെലവുകളും കുട്ടി തന്നെ വഹിക്കേണ്ടി വരും. അപ്പോ ചെലവ് വീണ്ടും കൂടും.
കേരളത്തിൽ പ്രവർത്തിക്കുന്ന ചില ഫുട്ബാൾ അക്കാദമികളും ഇത്തരം വിദേശ പരിശീലനങ്ങളെ പ്രോത്സാഹിപ്പിക്കുണ്ട്. തങ്ങളുടെ അക്കാദമിയിൽ ചേർന്ന കുട്ടികൾക്ക് സ്പെയിനിലും മറ്റ് രാജ്യങ്ങളിലും പരിശീലനം കിട്ടിയിട്ടുണ്ടെന്നും അതിനുള്ള സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞ് ചിലർ കുട്ടികളെ കാൻവാസ് ചെയ്യുന്നുണ്ട്. സാമ്പത്തികലാഭം ലക്ഷ്യമിട്ട് ഏജൻസികൾ നടത്തുന്ന ഇത്തരം പരിശീലന ഓഫറുകൾക്ക് ചില അക്കാദമികൾ സഹകരിക്കുന്നതാണ് കൂടുതൽ അപകടം.
ഇത്തരം അക്കാദമിയിലെ ഒരു കുട്ടി സ്പെയിനിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലോ കളിച്ചാൽ അക്കാര്യം പ്രചരിപ്പിച്ച് കൂടുതൽ കുട്ടികളെ ആകർഷിക്കാനാണ് ശ്രമം. സ്പെയിനിലെ മുൻനിര ക്ലബുകൾ കളി മികവിനെ അടിസ്ഥാനമാക്കി സൗജന്യ പരിശീലനത്തിന് കൊണ്ടുപോവുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടത് തന്നെയാണ്. എന്നാൽ, സാമ്പത്തിക നേട്ടവും കമീഷനും മാത്രം ലക്ഷ്യംവെച്ച് നടത്തുന്ന ഇത്തരം പരിശീലനം എതിർക്കപ്പെടുക തന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.