ആലപ്പുഴ: ഹലാൽ എന്ന പദംപോലും മതവിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ പി. കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
'ഹലാൽ' എന്ന ഭക്ഷണരീതി പണ്ടുമുതൽ ഇവിടെയുണ്ട്. ഏതെങ്കിലും തരത്തിൽ അത് വിവാദമായിട്ടില്ല. ഇന്ത്യൻ പാർലമെൻറിൽ കൊടുക്കുന്ന ഭക്ഷണത്തിെൻറമേലും ഹലാൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുൽപന്നം ഭക്ഷ്യയോഗ്യമാണെന്ന് സർട്ടിഫൈ ചെയ്യാനാണ് ഈ മുദ്ര ചാർത്തുന്നത്. അത് ഏതെങ്കിലും മതവിഭാഗത്തിൽപെട്ടവർ ചെയ്യുന്ന കാര്യമല്ല. ഇത് വലിയതോതിൽ മതവിരുദ്ധ പ്രചാരണായുധമാക്കി മാറ്റുകയാണ്.
തലശ്ശേരിയിൽ ആർ.എസ്.എസ് പ്രകടനത്തിൽ കേരളത്തിൽ ഇതുവരെ കേൾക്കാത്ത മുദ്രാവാക്യമാണ് മുഴങ്ങിയത്. കളിക്കളങ്ങളിൽപോലും വർഗീയത ആളിക്കത്തിക്കുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലാണ് കളിക്കുന്നതെങ്കിൽ ഒരുകൂട്ടർ തോറ്റാൽ വർഗീയപ്രചാരണമാണ് നടത്തുന്നത്.
കോൺഗ്രസ് ബി.ജെ.പിക്ക് വളരാൻ അവസരമൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇടതുപക്ഷം ശക്തമല്ലാത്ത സ്ഥലങ്ങളിൽ ബി.െജ.പിക്ക് അതിവേഗം വളരാൻ കോൺഗ്രസിനെയാണ് വിളനിലമാക്കിയത്. കേരളത്തിൽ അപ്പോഴും ബി.ജെ.പി വിചാരിക്കുന്ന അതേരീതിയിൽ കാര്യങ്ങൾ നടപ്പായില്ല. ഇടതുപക്ഷകരുത്തിനെ ദുർബലപ്പെടുത്തുന്നതിന് ചില ശ്രമങ്ങൾ വർഗീയതയുമായി ബന്ധപ്പെട്ട് നടത്തിയെങ്കിലും വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി. സുധാകരന്‍, സജി ചെറിയാന്‍, സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, യു. പ്രതിഭ, എം.എസ്. അരുൺകുമാർ, എച്ച്.എ. മഹേന്ദ്രന്‍, എം. സത്യപാലന്‍, മനു സി. പുളിക്കല്‍, ജി. ഹരിശങ്കര്‍, ജി. വേണുഗോപാല്‍, കെ. പ്രസാദ് എന്നിവര്‍ പങ്കെടുത്തു. ജില്ല സെക്രട്ടറി ആര്‍. നാസര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.