കൊച്ചി: വായ്പാ സഹകരണ സംഘങ്ങളിൽ തുടർച്ചയായി മൂന്ന് തവണയിലധികം മത്സരിക്കുന്നത് വിലക്കിയ സഹകരണ നിയമ ഭേദഗതിക്കും റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനുമിടയിൽ നടന്ന തെരഞ്ഞെടുപ്പുകളുടെ വിശദാംശം തേടി ഹൈകോടതി.
മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരായ സർക്കാറിന്റെ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. തുടർന്ന് അപ്പീൽ ഹരജി ഏപ്രിൽ നാലിന് പരിഗണിക്കാൻ മാറ്റി.
2024 ജൂൺ ഏഴിനാണ് 56 വ്യവസ്ഥകൾ പുതുതായി ഉൾപ്പെടുത്തി സഹകരണ നിയമഭേദഗതി നിലവിൽ വന്നത്. സഹകരണ ഭരണസമിതിയിലേക്ക് മത്സരിക്കാൻ നൽകിയ നാമനിർദേശ പത്രിക ഭേദഗതിയെത്തുടർന്ന് തള്ളിയത് ചോദ്യം ചെയ്ത് ചില സഹകാരികൾ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്.
വസ്തുതകളും നിയമവശങ്ങളും ശരിയായി പരിഗണിക്കാതെയാണ് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ സഹകരണ നിയമ ഭേദഗതിയിലെ പ്രധാന വ്യവസ്ഥ സിംഗിൾ ബെഞ്ച് റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അപ്പീൽ നൽകുകയായിരുന്നു. വിവിധ സംഘങ്ങളിൽ നടന്ന ക്രമക്കേടുകൾ വിലയിരുത്തിയാണ് സമഗ്ര നിയമ ഭേദഗതി കൊണ്ടുവന്നതെന്നും വായ്പാ സഹകരണ സംഘങ്ങളിൽ മാത്രമാണ് തൽക്കാലം ഈ വ്യവസ്ഥ നിലവിൽ വന്നതെന്നും അപ്പീലിൽ പറയുന്നു.
അപ്പീൽ ഹരജിയിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. എന്നാൽ, നിയമഭേദഗതിയിലെ വ്യവസ്ഥ നിലനിൽക്കുമെങ്കിലും നിലവിൽ തെരഞ്ഞെടുപ്പ് നടന്ന സഹകരണ സംഘങ്ങൾക്ക് ഇടക്കാല ഉത്തരവ് ബാധകമല്ലെന്നും അന്നത്തെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭേദഗതിക്കുശേഷം എത്ര തെരഞ്ഞെടുപ്പുകൾ നടന്നുവെന്നത് സംബന്ധിച്ച് കോടതി വിശദാംശം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.