ആമ്പല്ലൂർ (തൃശൂർ): വരന്തരപ്പിള്ളി കലവറക്കുന്ന് കുടുംബാരോഗ്യകേന്ദ്രത്തിൽ അഞ്ചു വയസ്സുകാരന് മരുന്നു മാറി നൽകിയതായി പരാതി. മുണ്ടിനീര് ചികിത്സക്കെത്തിയ പാലപ്പിള്ളി കാരികുളം കുളത്തിലെവളപ്പില്‍ കബീറിന്റെ മകന് പ്രഷറിന്റെ ഗുളികയാണ് നൽകിയത്.
കബീർ ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കി. മേയ് മൂന്നിനാണ് ഇവർ ചികിത്സക്കെത്തിയത്. ഡോക്ടര്‍ എഴുതിയ മരുന്നിന് പകരം ഫാർമസിയിൽനിന്ന് മുതിര്‍ന്നവര്‍ക്കുള്ള ശക്തികൂടിയ പ്രഷറിന്റെ മരുന്നാണ് നൽകിയതെന്ന് പരാതിയിൽ പറയുന്നു.
മൂന്നു ദിവസം മരുന്ന് കഴിച്ച കുട്ടിക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്കു മാറ്റി. മൂന്നു ദിവസത്തെ ചികിത്സക്കുശേഷമാണ് കുട്ടിക്ക് ആരോഗ്യം വീണ്ടുകിട്ടിയത്.
അമ്പലപ്പുഴ: മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് വയോധികയുടെ മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തിന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ സൂപ്രണ്ടിന്‍റെ ഉറപ്പിൽ പുലർച്ച മൃതദേഹവുമായി മടങ്ങി. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
ബുധനാഴ്ച അർധരാത്രി 12.30നായിരുന്നു സംഭവം. പുന്നപ്ര അഞ്ചിൽ അബ്ദുൽ ഖാദറിന്‍റെ ഭാര്യ ഉമൈബയാണ് (70) മരിച്ചത്. പനി ബാധിച്ച് വയോധിക ഒരുമാസമായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം വിട്ടയച്ച ഇവര്‍ക്ക് രോഗം ഭേദമാകാതെ വന്നതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാത്തതാണ് രോഗം കലശലാകാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രി സൂപ്രണ്ട് നിർദേശിച്ചിട്ടും എച്ച്.ഒ.ഡി രോഗിയെ പരിശോധിച്ചില്ലെന്നും ആക്ഷേപമുണ്ട്. ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന നൂറോളം പേരാണ് പ്രതിഷേധിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൽസലാം സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തി. രേഖകള്‍ പരിശോധിച്ചശേഷം അന്വേഷണം നടത്താമെന്ന് ഉറപ്പുനല്‍കിയതോടെ പുലർച്ച ഒന്നരയോടെയാണ് മൃതദേഹവുമായി മടങ്ങിയത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ. അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കൈവിരലിന്‍റെ ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനാണ് കുട്ടിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നത്. പിഴവ് സംഭവിച്ചതിൽ ഡോക്ടർമാർ മാപ്പുപറഞ്ഞെന്ന് കുടുംബം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.