മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്കും സ്പീക്കർക്കും ഡി.ജി.പിക്കും പരാതി; അയോഗ്യനാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഭരണഘടനക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പരാതി. മന്ത്രിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും നിയമസഭ സ്പീക്കർക്കും ഡി.ജി.പിക്കും യൂത്ത് കോൺഗ്രസ് പരാതി നൽകി. ഭരണഘടനയെ അപകീർത്തിപ്പെടുത്തുക വഴി മന്ത്രി ക്രിമിനൽ കുറ്റം ചെയ്തെന്നും മന്ത്രിയെ അയോഗ്യനാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

മന്ത്രിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കും യൂത്ത് കോൺഗ്രസ് കത്തയച്ചു. കൂടാതെ, വിവാദ പരാമർശത്തിൽ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി ശ്രീകുമാർ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി.

മല്ലപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി‍യും ചെങ്ങന്നൂർ എം.എൽ.എയുമായി സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിക്കണമെന്നും കളങ്കം വരുത്തണമെന്നുമുള്ള ഉദ്ദേശത്തോടെ മനഃപൂർവം പ്രസംഗിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ദേശീയ ബഹുമാനത്തെ അപമാനിക്കുന്നത് തടയൽ നിയമം (Prevention of Insults to National Honour Act) പ്രകാരം ഉചിതമായി നടപടി സ്വീകരിക്കണമെന്നും വിഡിയോ അടക്കം സമർപ്പിച്ച പരാതിയിൽ കെ.പി ശ്രീകുമാർ ആവശ്യപ്പെടുന്നു.

ഭരണഘടനയെയും ഭരണഘടന ശിൽപികളെയും പരസ്യമായി അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സംഘം രാജ്ഭവനിലെത്തി ഗവർണർക്ക് നിവേദനം നൽകി. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജി. സുബോധൻ, ജി.എസ് ബാബു, ട്രഷറർ പ്രതാപചന്ദ്രൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഭരണഘടനയെ അവഹേളിച്ച് ചൂണ്ടിക്കാട്ടി മന്ത്രി സജി ചെറിയാനെതിരെ ബി.ജെ.പി പരാതി ഗവർണർക്ക് കൈമാറി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ രാജ്ഭവനിലെത്തിയാണ് ബി.ജെ.പി പ്രതിനിധി സംഘം ഗവർണർക്ക് പരാതി കൈമാറിയത്. 

മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശം

'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്.

മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ ​കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു.

ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ട്.'

Tags:    
News Summary - Complaint against Minister Saji Cherian in insuting Constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT