തൃശൂർ: ഒല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ച സംഭവത്തിൽ സുരേഷ് ഗോപി എം.പിക്കെതിരെ ഡി.ജി.പിക്ക് പരാതി. കെ.എസ്. യുവാണ് പരാതി നൽകിയത്.
സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്.യു പരാതിയിൽ ആവശ്യപ്പെട്ടു.
ഇന്നലെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഒല്ലൂർ എസ്.ഐയെയാണ് നടനും എം.പിയുമായ സുരേഷ് ഗോപി വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചത്. ചുഴലിക്കാറ്റിൽ നാശം സംഭവിച്ച പുത്തൂരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. തന്നെ കണ്ടിട്ടും എസ്.ഐ ജീപ്പിൽനിന്ന് ഇറങ്ങാത്തതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചതത്രെ.
എം.പിയുടെ സന്ദർശനത്തിെൻറ ഭാഗമായി സുരക്ഷ ഒരുക്കാനാണ് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയത്. എം.പി എത്തിയിട്ടും ജീപ്പിലിരുന്ന എസ്.ഐയെ അദ്ദേഹം വിളിച്ചുവരുത്തി 'ഞാൻ മേയറല്ല, രാജ്യസഭാംഗമാണ്' എന്ന് ഓര്‍മിപ്പിക്കുകയും 'ഒരു സല്യൂട്ടൊക്കെ ആകാ'മെന്ന് പറയുകയുമായിരുന്നു. എസ്.ഐ സല്യൂട്ട് നൽകുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായി.
എന്നാൽ, സല്യൂട്ട് ചെയ്യേണ്ടെന്ന് പൊലീസ് അസോസിയേഷന് തീരുമാനിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ രാജ്യസഭ ചെയര്‍മാനെ അറിയിച്ച് അവിടെ നിന്നാണ് തങ്ങളെ അറിയിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അങ്ങനെ ഒരു നോട്ടീസോ സർക്കാർ ഉത്തരവോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന പ്രയോഗംതന്നെ തെൻറ പ്രവര്‍ത്തനങ്ങളെ ഉന്നംവെച്ചാണെന്നും സുരേഷ് ഗോപി പറഞ്ഞു. വളരെ മാന്യമായാണ് പെരുമാറിയതെന്നും എസ്.ഐയെ 'സര്' എന്നാണ് അഭിസംബോധന ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
പൊലീസ് മാന്വൽ അനുസരിച്ച് എം.പി, എം.എൽ.എമാർ സല്യൂട്ടിന് അർഹരല്ലെന്നാണ് ചട്ടം. എം.പിയുടെ നടപടിക്കെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.