കൗൺസലിങ്ങിനിടെ ചിരിച്ചു; ബാധയെന്നാരോപിച്ച് മർദനം; പാസ്റ്റർക്കും ഭാര്യക്കുമെതിരെ പരാതി

അടിമാലി: ബാധ ഒഴിപ്പിക്കലിന്‍റെ പേരിൽ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാസ്റ്റർക്കും ഭാര്യക്കുമെതിരെ പരാതി. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിതിയിൽ കൊന്നത്തടി സ്വദേശിനിയായ 38 കാരിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വീട്ടമ്മയും ഭർത്താവും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ പാസ്റ്ററെ സമീപിക്കാൻ നിർദേശിച്ച എസ്.ഐ. എബ്രഹാം ഐസക്കിനെ സസ്പെൻഡ് ചെയ്തു.

പരാതിക്കാരിയായ യുവതിയും ഭർത്താവും തമ്മിൽ വർഷങ്ങളായി കലഹത്തിലായിരുന്നു. ഇത് സംബന്ധിച്ച് പലകുറി സ്റ്റേഷനിൽ വിളിപ്പിച്ച് രമ്യതയിൽ വിട്ടിരുന്നെങ്കിലും വഴക്ക് തുടർന്നു. ഇതേ തുടർന്നാണ് എസ്.ഐ യുവതിയെ പാസ്റ്ററുടെ വീട്ടിൽ കൗൺസിലിംഗിന് അയച്ചത്. കൗൺസലിങ്ങിനിടെ യുവതി ചിരിച്ചു. ഇതോടെ യുവതിയുടെ ശരീരത്തിൽ ബാധ കയറിയെന്ന് പറഞ്ഞ് പാസ്റ്ററും ഭാര്യയും ചേർന്ന് യുവതിയെ അതിക്രൂരമായി മർദിക്കുകയായിരുന്നു.

എട്ടുമാസം മുൻപാണ് വെള്ളത്തൂവൽ സ്റ്റേഷനിൽ ആദ്യമായി ഭർത്താവിനെതിരെ പരാതിയുമായി യുവതി എത്തിയത്. ആദ്യം ഭർത്താവിന് കൗൺസിലിംഗ് നടത്തി പ്രശ്നപരിഹാരത്തിന് എസ്.ഐ ശ്രമിച്ചെങ്കിലും വീണ്ടും വഴക്കുണ്ടായി. ഇതോടെ എസ്.ഐ യുവതിയെ അടിമാലി പൂഞ്ഞാർകണ്ടത്തെ പാസ്റ്ററുടെ വീട്ടിൽ കൗൺസിലിങ്ങിന് അയച്ചു. ഇടുക്കി വനിതാ സ്റ്റേഷനിൽ കഴിഞ്ഞമാസം 18ന് യുവതി പരാതി നൽകി. ഇതോടെ ആദ്യ പരാതിയിൽ എസ്.ഐ എടുത്ത നടപടികളെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി ഇടുക്കി ഡി.വൈ.എസ്.പിക്ക് നിർദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐയെ സസ്പെൻഡ് ചെയ്തത്. വർഷങ്ങളായി അറിയുന്ന കുടുംബമാണെന്നും അവരെ സഹായിക്കാനും നല്ല ഉദ്ദേശത്തോടെയുമാണ് പാസ്റ്ററുടെ അടുത്ത് എത്തിച്ചതെന്നും എസ്.ഐ പറഞ്ഞു. സംഭവം നടന്ന മാസങ്ങൾക്ക് ശേഷം യുവതി പരാതിയുമായി എത്തിയത് ദുരൂഹമാണെന്നും എസ്.ഐ പറഞ്ഞു.

Tags:    
News Summary - Complaint against the pastor and his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.