മലപ്പുറം: പാലക്കാട് ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ വ്യാപക പ്രതിഷേധം. മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി അടക്കമുള്ളവർ പ്രചാരണം ഏറ്റുപിടിച്ചതോടെ വിഷയം ദേശീയ തലത്തിലും ചർച്ചയായി. സംഘ്പരിവാർ കേന്ദ്രങ്ങൾ ഇവരുടെ വാക്കുകൾ ഉദ്ധരിച്ച് മലപ്പുറത്തിനെതിരായ പ്രചാരണങ്ങൾക്ക് മൂർച്ചകൂട്ടി. സീന്യൂസ് പോലുള്ള ദേശീയ മാധ്യമങ്ങളും ഇവരുടെ പ്രചാരണം ഏറ്റെടുത്തു.
‘‘മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണ്. പ്രത്യേകിച്ച് മൃഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ. നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയത്. സംഭവത്തിൽ സർക്കാർ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് ഭയമാണ്.
സംസ്ഥാനത്ത് ദിനംപ്രതി മൂന്ന് ആനകൾ കൊല്ലപ്പെടുന്നുണ്ട്. ഏകദേശം അറുനൂറോളം ആനകൾ സംസ്ഥാനത്ത് വിവിധ കാരണങ്ങളാൽ കൊല്ലപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിന് സമീപമാണ് ആന ചരിഞ്ഞ സംഭവം. എന്തുകൊണ്ട് അദ്ദേഹം വിഷയത്തിൽ ഇടപെട്ടില്ല’’ -ഇതായിരുന്നു മനേക ഗാന്ധിയുടെ പ്രസ്താവന.
മലപ്പുറത്തിനെതിരായ കുപ്രചാരണത്തിനെതിരെ നടിമാരായ റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, യുവനടൻ നീരജ് മാധവ് തുങ്ങിയവരും രംഗത്തെത്തിയിരുന്നു. ‘മൃഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ജില്ലയെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള അപവാദ പ്രചരണലജ്ജ തോന്നുന്നു’ എന്നായിരുന്നു പാർവതി ട്വിറ്ററിൽ കുറിച്ചത്.
‘ആന പ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ. ഇത് കേരളമാണ്. സ്വന്തം തെറ്റുചൂണ്ടിക്കാട്ടാൻ ഞങ്ങൾക്കു മടിയില്ല. പക്ഷെ, അതിനെ വെളിയിൽനിന്ന് ചിലർ മുതലെടുക്കാൻ നോക്കിയാൽ ഞങ്ങൾ നോക്കിനിക്കില്ല’ -നീരജ് ഫേസ്ബുക്കിൽ കുറിച്ചു.
മനേക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റി എസ്.പി, ഡി.ജി.പി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി. മനേക ഗാന്ധിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ചാണകം ഒഴിക്കൽ സമരവും നടത്തും. വ്യാഴാഴ്ച വൈകീട്ട് നാലിന് മലപ്പുറം പ്രസ്ക്ലബ് പരിസരത്തുനിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കുമെന്ന് യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി അറിയിച്ചു.
മേയ് 27ന് പാലക്കാട് ജില്ലയിലെ സൈലൻറ് വാലി ദേശീയോദ്യാനത്തിലായിരുന്നു ഗർഭിണിയായ ആന െചരിഞ്ഞത്. സംഭവത്തിൽ വനംവകുപ്പും പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പറഞ്ഞു.
സ്ഫോടകവസ്തു നിറച്ച കൈതച്ചക്കയാണ് ആന കടിച്ചത്. കൃഷിയിടത്തിൽ കയറുന്ന പന്നികളെ കൊല്ലാൻ ഉപയോഗിക്കുന്ന പടക്കമാണ് ഇതെന്ന നിഗമനത്തിലാണ് അധികൃതർ. മേയ് 25ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്.
വനപാലകര്‍ കണ്ടെത്തുമ്പോൾ വേദന സഹിക്കാനാവാതെ വനമേഖലയിലെ പുഴയില്‍ മുഖം പൂഴ്ത്തി നില്‍ക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലൂടെയാണ് കാട്ടാന ഗര്‍ഭിണി ആയിരുന്നുവെന്ന് മനസ്സിലായത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.