ന്യൂഡൽഹി: കാസർകോട് ലോക്സഭ മണ്ഡലത്തിൽ ബുധനാഴ്ച നടന്ന മോക് പോളിൽ ബി.ജെ.പിക്ക് പോൾ ചെയ്തതിനേക്കാൾ ഒരു വോട്ട് കൂടുതൽ കിട്ടിയതായി വോട്ടുയന്ത്രത്തിൽ കാണിച്ച വിഷയം തെറ്റായ പ്രചാരണമാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ. പോൾ ചെയ്യുന്ന വോട്ടും വിവിപാറ്റ് രസീതും പൂർണമായി ഒത്തുനോക്കി വോട്ടുയന്ത്ര സംവിധാനം കുറ്റമറ്റതാക്കണമെന്ന ഹരജിയിൽ വാദം കേൾക്കുന്നതിനിടയിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മാധ്യമവാർത്തകൾ ചൂണ്ടിക്കാട്ടിയാണ് കാസർകോട് വിഷയം കോടതിയിൽ ഉന്നയിച്ചത്.
അന്വേഷിച്ച് മറുപടി നൽകാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ ആവശ്യപ്പെട്ടു. ‘വാർത്തകൾ തെറ്റാണ്. ജില്ല കലക്ടറോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. റിപ്പോർട്ട് തെറ്റാണെന്ന വിവരമാണ് കിട്ടിയത്. വിശദ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും’ -ഉച്ചക്കു ശേഷം സീനിയർ െഡപ്യൂട്ടി ഇലക്ഷൻ കമീഷണർ നിതേഷ് കുമാർ വ്യാസ് കോടതിയെ അറിയിച്ചു.
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിന്റെ (ഇ.വി.എം) കമീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്പോളില്‍ ഒരു സ്ഥാനാര്‍ഥിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പരാതിയെത്തുടര്‍ന്ന് ഇതുസംബന്ധിച്ച് കാസര്‍കോട് ജില്ല കലക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു.
തെരഞ്ഞെടുപ്പിനായി ഇ.വി.എം സജ്ജമാക്കുന്ന പ്രക്രിയയാണ് കമീഷനിങ്. അസി. റിട്ടേണിങ് ഒാഫിസര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ (ബെല്‍) നിന്നുള്ള എന്‍ജിനീയര്‍മാരാണ് ഇത് നിര്‍വഹിക്കുന്നത്. സ്ഥാനാര്‍ഥികളുടെയോ സ്ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് കമീഷനിങ് നടക്കുന്നത്. ഇത് പൂര്‍ണമായും വെബ്കാസ്റ്റ് ചെയ്യുന്നുമുണ്ട്.
കാസര്‍കോട് മണ്ഡലത്തില്‍ നടന്ന കമീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്പോളിനിടെ അധികമായി വിവിപാറ്റ് സ്ലിപ് പുറത്തുവന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. യന്ത്രങ്ങള്‍ സജ്ജമാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പ്രിന്റെടുക്കാതിരുന്ന വിവിപാറ്റ് സ്ലിപ്പാണ് പിന്നീട് നടന്ന മോക്ക് പോളിനിടെ പുറത്തുവന്നത്. ഈ സ്ലിപ്പില്‍ നോട് ടു ബി കൗണ്ടഡ് (കണക്കു കൂട്ടേണ്ടതില്ലാത്തത്) എന്ന് രേഖപ്പെടുത്തിയിരുന്നു.
സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഡണ്‍, വിവിപാറ്റ് സീരിയല്‍ നമ്പര്‍ എന്നും രേഖപ്പെടുത്തിയിരുന്നു. മറ്റ് വിവിപാറ്റ് സ്ലിപ്പിനേക്കാളും നീളക്കൂടുതലുള്ള സ്ലിപ്പുമാണിത്. സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മുഴുവന്‍ വോട്ടെടുപ്പ് യന്ത്രങ്ങളും പൂര്‍ണമായും സുരക്ഷിതവും കുറ്റമറ്റതുമാണെന്നും ഒരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
കാസർകോട്: വോട്ടിങ് മെഷീനിൽ താമരക്ക് വോട്ട് ചെയ്തില്ലെങ്കിലും ആ ചിഹ്നത്തിന് വോട്ട് വീഴുന്ന സാങ്കേതികപ്രശ്നം പരിഹരിച്ചുവെന്ന് പാർലമെന്റ് മണ്ഡലം വരണാധികാരി കൂടിയായ കലക്ടർ കെ. ഇമ്പശേഖർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരാതിക്കിടയാക്കിയ വോട്ടിങ് യന്ത്രങ്ങളിൽ 1000 വോട്ട് വീതം മോക്ക് പോളായി ചെയ്തു. തെറ്റായി ഒന്നും ഉണ്ടായിരുന്നില്ല. ഇത് ബോധ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സർട്ടിഫിക്കറ്റിൽ ഒപ്പിട്ട് നൽകിയിട്ടുണ്ട്. മൂന്ന് ഘട്ടമായി മോക്ക്പോൾ നടത്തുന്നുണ്ട്. ആദ്യഘട്ട പരിശോധന നേരത്തേ കഴിഞ്ഞു. രണ്ടാംഘട്ടമാണ് ഇപ്പോൾ നടന്നത്. മൂന്നാംഘട്ടം വോട്ടെടുപ്പ് ദിനത്തിൽ പോളിങ് കേന്ദ്രത്തിൽ നടക്കും. അന്നേരം 50 വോട്ട് വീതം ചെയ്ത് അതിന്റെ വിവി പാറ്റ് സ്ലിപ്പുകൾ സൂക്ഷിച്ചുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.