മലപ്പുറം: നാട്ടിലില്ലാത്ത പ്രവാസിയുടെ വീട്ടിലെത്തി ഇയാളുടെയും ഭാര്യയുടെയും മാതാവിെൻറയും വോട്ട് സ്പെഷൽ ബാലറ്റ് ഉപയോഗിച്ച് ചെയ്യിക്കാൻ ശ്രമമെന്ന് പരാതി. മലപ്പുറം നഗരസഭയിലെ ആറാം വാർഡ് ചോലക്കലിലാണ് സംഭവം. ശ്രമംതടഞ്ഞ യു.ഡി.എഫ് സ്ഥാനാർഥി പി.സി. വേലായുധൻകുട്ടി ജില്ല കലക്ടർക്ക് പരാതി നൽകി.
നാട്ടിലെത്തിയ പ്രവാസിയുടെയും ഇയാൾക്കൊപ്പം ക്വാറൻറീനിൽ കഴിയുന്ന ഭാര്യയുടെയും മാതാവിെൻറയും വോട്ട് രേഖപ്പെടുത്തുന്നെന്നാണ് സ്പെഷൽ പോളിങ് ഓഫിസർ അറിയിച്ചത്. എന്നാൽ, ഇയാളിപ്പോഴും വിദേശത്താണ്. നവംബർ ഏഴിന് വീട്ടിൽ പോയപ്പോൾ, യുവാവ് എട്ടിന് എത്തുമെന്ന വിവരമാണ് ബന്ധുക്കളിൽനിന്ന് ലഭിച്ചതെന്ന് വാർഡിെൻറ ചുമതലയുള്ള ആശാവർക്കർ പറയുന്നു.
ഒമ്പതിന് ഫോണിൽ വിളിച്ച് കോവിഡ് പരിശോധന, ക്വാറൻറീൻ നിർദേശങ്ങൾ നൽകി. പ്രവാസിയും ഭാര്യയും മാതാവും ക്വാറൻറീനിലുണ്ടെന്ന വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ വ്യാഴാഴ്ച സ്പെഷൽ ബാലറ്റ് പേപ്പറുകളുമായി ഉദ്യോഗസ്ഥർ വീട്ടിലെത്തി. സ്ഥാനാർഥിയുടെ നേതൃത്വത്തിൽ ഇത് ചോദ്യംചെയ്തപ്പോൾ അടുത്തദിവസമേ യുവാവ് എത്തുള്ളൂവെന്നാണ് വീട്ടുകാർ നൽകിയ വിശദീകരണം.
അങ്ങനെയെങ്കിൽ പ്രവാസിയുടേത് തപാലിൽ അയക്കുമെന്നും ഭാര്യയുടേതും അമ്മയുടേതും വ്യാഴാഴ്ചതന്നെ ചെയ്യിക്കേണ്ടതുണ്ടെന്നുമാണ് അധികൃതർ പറഞ്ഞതെന്ന് പരാതിയിൽ വ്യക്തമാക്കി. ക്വാറൻറീൻ മുൻകൂട്ടിക്കണ്ട് വീട്ടുകാരുടെ വോട്ട് നേരത്തെതന്നെ ചെയ്യുന്നത് ചോദ്യം ചെയ്തതോടെ ഉദ്യോഗസ്ഥർ പിന്മാറി.
വാർഡിൽ അനധികൃത ക്വാറൻറീൻകാർ കൂടുന്നതായും വ്യാപകമായി സ്പെഷൽ ബാലറ്റ് നൽകുന്നതായും വേലായുധൻകുട്ടി ആരോപിച്ചു. ആശാവർക്കറിൽനിന്ന് മലപ്പുറം ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് വിശദീകരണം വാങ്ങി. തെറ്റിദ്ധരിപ്പിച്ചതാണെങ്കിൽ വീട്ടുകാരും കുടുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.