കൊച്ചി: കോളജ് യൂനിയൻ ഭരണം പിടിക്കാൻ കെ.എസ്.യു പ്രവർത്തകയെ എസ്.എഫ്.ഐക്കാർ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം. എറണാകുളം പൂത്തോട്ട എസ്.എൻ ലോ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പ്രതിനിധിയായ മൂന്നാം സെമസ്റ്റർ വിദ്യാർഥിനി പ്രവീണയെ തട്ടിക്കൊണ്ടു പോയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, സുഖമില്ലെന്നും ആശുപത്രിയിൽ പോകണമെന്ന വ്യാജേന പ്രവീണയെ എസ്.എഫ്.ഐ പ്രവർത്തക കൂട്ടിക്കൊണ്ടുപോയി പുറത്ത് നിർത്തിയിരുന്ന കാറിൽ എത്തിക്കുകയായിരുന്നു. ഈ വാഹനത്തിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തരുണ്ടായിരുന്നു. സമീപ പ്രദേശങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ് വിജനമായ സ്ഥലത്ത് പ്രവീണയെ ഇറക്കിവിട്ടു.
സംഭവം നടക്കുമ്പോൾ എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് കാമ്പസിലുണ്ടായിരുന്നു. ഇതുൾപ്പെടെ അന്വേഷിക്കണം. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിക്കണം. തെരഞ്ഞെടുപ്പ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. സംഭവത്തിന് പിന്നിൽ പ്രാദേശിക സി.പി.എം നേതൃത്വമാണ്.
തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന വിദ്യാർഥിയുൾപ്പെടെയുള്ള എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതൽ കെ.എസ്.യു അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. വിഷയത്തിൽ ഹൈകോടതിയിലും പരാതി നൽകുമെന്ന് അലോഷ്യസ് പറഞ്ഞു. കെ.എസ്.യു പ്രവർത്തക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.