കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചെന്ന പരാതിയുടേയും വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റിനെതിരെ ഉയർന്ന പരാതിയുടെയും അടിസ്ഥാനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. വിജിലൻസ് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ലൈഫ് ഭവന പദ്ധതിയിൽ ഗുണഭോക്തൃലിസ്റ്റിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റിയതായും അനർഹർ ലിസ്റ്റിൽ മുകളിലെത്തിയതായും പരാതി ഉയർന്നിരുന്നു. അർഹരായവർ ലിസ്റ്റിൽനിന്ന് പുറത്താവുകയോ ഏറ്റവും താഴേത്തട്ടിലേക്ക് തള്ളപ്പെടുകയോ ചെയ്തതായും ആക്ഷേപം ഉയർന്നിരുന്നു. പഞ്ചായത്തിലെ വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റിലും തിരിമറി നടന്നതായി പരാതിയുയർന്നു.
ലൈഫ് ഭവന പദ്ധതി ലിസ്റ്റിനെക്കുറിച്ചും വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റിനെക്കുറിച്ചും ഉയർന്ന പരാതിയിൽ പ്രാഥമികമായ വിവരങ്ങൾ അന്വേഷിക്കാനാണ് എത്തിയതെന്ന് വിജിലൻസ് ഇൻസ്പെക്ടർ പറഞ്ഞു. വിവരങ്ങൾ സെക്രട്ടറിയോട് ചോദിച്ചറിഞ്ഞതായും കൂടുതൽ അന്വേഷണത്തിന് ശിപാർശ ചെയ്തതായും അദ്ദേഹം അറിയിച്ചു. എ.എസ്.ഐ ടി.പി. ഹനീഫ, സി.പി.ഒ പി. ധനേഷ് എന്നിവരുമാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.