കൊച്ചി: വാടകക്കെടുത്ത ഭൂമിയിൽ പ്രവാസി മലയാളി നടത്തിയിരുന്ന കച്ചവട സ്ഥാപനം സി.പി.എം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ ഭൂവുടമ തകർത്തതായി പരാതി. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളടക്കം രണ്ടുകോടി രൂപയുടെ നഷ്ടമുണ്ടായതായി ആഷിക് എന്റർപ്രൈസസ് കമ്പനി ഉടമകളിലൊരാളായ കെ.വി. ഉബൈദുല്ല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇടപ്പള്ളിയിൽ കുന്നുംപുറത്ത് ഇസ്മായിൽ എന്നയാളുടെ സ്ഥലം വാടകക്കെടുത്ത് അതിൽ സ്ഥാപനത്തിനുള്ള താൽക്കാലിക കെട്ടിടമടക്കം നിർമിച്ചാണ് ഉബൈദുല്ലയും മകൻ കെ.വി. മുഹമ്മദ് അഷ്ഫാക്കും സ്റ്റീൽ- സിമന്റ് എന്നിവ വിൽക്കുന്ന സ്ഥാപനം നടത്തിയിരുന്നത്.
റോഡ് വികസന ഭാഗമായി വാടകക്കെടുത്ത ഭൂമിയുടെ ഒരുഭാഗം ദേശീയപാത അതോറിറ്റി ഏറ്റെടുത്തതോടെ ഏതാനും ദിവസം മുമ്പ് മറ്റൊരു സ്ഥലത്തേക്ക് സ്ഥാപനം മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ, ഭൂമിക്കും കച്ചവട സ്ഥാപനത്തിനുമുള്ള നഷ്ടപരിഹാരം വെവ്വേറെയായി അധികൃതർ ഭൂവുടമക്ക് നൽകിയിരുന്നു. ഭൂമിക്കും കച്ചവട സ്ഥാപനത്തിനും മൂല്യം രണ്ടായി പരിഗണിച്ചാണ് നഷ്ടപരിഹാരം നൽകിയത്. 1.29 കോടി രൂപയായിരുന്നു കച്ചവട സ്ഥാപനത്തിന് നിശ്ചയിച്ച നഷ്ടപരിഹാര തുക. എന്നാൽ, ഇതിൽ 17 ലക്ഷം രൂപ മാത്രമാണ് ആദ്യം ഭൂവുടമ നൽകിയത്. പിന്നീട് ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോൾ 50 ലക്ഷം രൂപ കൂടി തന്ന് ഇനി സാമ്പത്തിക ഇടപാടുകളില്ലെന്ന് കരാർ എഴുതി മകനെക്കൊണ്ട് ഒപ്പിടീച്ചതായും ഉബൈദുല്ല വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കെട്ടിടത്തിന്റെ ബാക്കി തുക ആവശ്യപ്പെട്ടതിന്റെ പേരിലാണ് സി.പി.എം പ്രാദേശിക നേതാവ് ഉദയകുമാർ, കൗൺസിലർ അംബിക, സ്ഥലം ഉടമ ഇസ്മായിൽ, മകൻ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരെ അക്രമിക്കുകയും കമ്പ്യൂട്ടർ അടക്കം വിലപ്പെട്ട വസ്തുക്കൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർക്കുകയും ചെയ്തതായി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് മന്ത്രി പി. രാജീവിന് പരാതി നൽകി. മുഖ്യമന്ത്രിക്കും നേരിട്ട് പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ജീവനക്കാർ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ കോർപറേഷനിലെ ആരോഗ്യ വിഭാഗത്തിൽനിന്നടക്കം ഭീഷണിയുണ്ടെന്നും ഉബൈദുല്ല വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.