തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്.എഫ്.ഐ നേതാക്കൾ മർദിച്ചതായി പരാതി. രണ്ടാം വർഷ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാർഥിയായ മുഹമ്മദ് അനസ് ആണ് പൊലീസിനും ഭിന്നശേഷി കമ്മീഷനും പരാതി നൽകിയത്.
എസ്.എഫ്.ഐ യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിൽവെച്ച് ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. തന്റെ ശാരീരിക വൈകല്യത്തെ നിരന്തരം പരിഹസിക്കുന്നു. തന്റെ കൂട്ടുകാരെയും എസ്.എഫ്.ഐ നേതാക്കൾ മർദിച്ചെന്നും അനസിന്റെ പരാതിയിൽ പറയുന്നു.
അനസിനെ യൂണിറ്റ് നേതാക്കൾ കൊടികെട്ടാനും മറ്റു ജോലികൾക്കും നിയോഗിക്കുമായിരുന്നു. ശാരീരിക പ്രശ്‌നങ്ങൾ മൂലം ഇതിന് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് യൂണിയൻ ഓഫീസിൽ വിളിച്ചുവരുത്തി മർദനം തുടങ്ങിയതെന്നും അനസ് പറഞ്ഞു.
പരാതിയ പൊലീസ് കേസെടുത്തെങ്കിലും യൂണിയൻ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. നിരന്തരമായ മർദനത്തെയും ഭീഷണിയെയും തുടർന്ന് അനസിന് കോളജിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്. പൊലീസ് കോളജിലെത്തി തെളിവുകൾ ശേഖരിക്കാൻ അനുമതി തേടിയിട്ടുണ്ട്.
ഇതിനിടെ, യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ വിദ്യാർഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന വിഡിയോ പ്രചരിക്കുകയാണ്. മൂന്നാംവർഷ ബിരുദ വിദ്യാർഥികളായ രണ്ടുപേരെ യൂണിറ്റ് ഓഫിസിൽ ഇരുത്തി ഭീഷണിപ്പെടുത്തുന്നതാണു ദൃശ്യത്തിലുള്ളത്. എസ്എഫ്ഐക്കാർ വളഞ്ഞു നിൽക്കുമ്പോൾ, യൂണിറ്റ് ഭാരവാഹി തല്ലിത്തീർക്കാൻ വെല്ലുവിളിക്കുന്നതും വിഡിയോയിലുണ്ട്. യൂണിവേഴ്സ്സിറ്റി കോളജിൽ എസ്.എഫ്.ഐക്ക് ഇടിമുറിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ ആരോപിക്കുമ്പോഴാണ് വീഡിയോയും മർദിച്ചതായുള്ള പരാതിയും പുറത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.