തിരുവനന്തപുരം: മുൻ എം.എൽ.എ കെ.കെ രാമചന്ദ്രന്‍റെ ജീവചരിത്രം ഉപലോകായുക്ത പ്രകാശനം ചെയ്തതിനെതിരെ ഗവർണർക്ക് പരാതി. ഉപലോകായുക്ത ബാബു പി. ജോസഫിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിക്ക് വേണ്ടി ആർ.എസ് ശശികുമാറാണ് പരാതി നൽകിയത്.
രാമചന്ദ്രന്‍റെ കുടുംബത്തിന് അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചട്ടം ലംഘിച്ച് പണം നൽകിയെന്ന കേസിൽ വിധി പുറപ്പെടുവിക്കാനിരിക്കെ ഉപലോകായുക്ത പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തത് ധാർമികമായും നിയമപരമായും ശരിയല്ല. കേസിൽ വിധി പറയാൻ ഉപലോകായുക്തമാരെ അനുവദിക്കരുത്. കേസ് മാറ്റിവെക്കണം. നീതിന്യായ സംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ രാമചന്ദ്രന്‍റെ ജീവചരിത്രം ഉപലോകായുക്ത ബാബു പി. ജോസഫ് ആണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്. ഉപലോകായുക്തമാരായ ബാബു പി. ജോസഫ്, ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദ് എന്നിവരുമായി കെ.കെ രാമചന്ദ്രനുള്ള ബന്ധത്തെ കുറിച്ചും വിദ്യാർഥി കാലത്തെ യൂണിയൻ പ്രവർത്തനം അടക്കമുള്ള കാര്യങ്ങൾ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചിലവഴിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ആർ.എസ്. ശശികുമാർ ലോകായുക്തക്ക് ഹരജി നൽകിയത്. എൻ.സി.പി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും പരേതനായ ചെങ്ങന്നൂർ എം.എൽ.എ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയതിനെയാണ് ഹരജിയിൽ എതിർത്തത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.