ബാലുശ്ശേരി: പരസ്യ മദ്യപാനം നടത്തുന്നവർക്ക് സുരക്ഷിതമായി മദ്യപാനം നടത്താനായി ബിവറേജ് ഷെൽട്ടർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് വകുപ്പ് മന്ത്രിക്ക് പരാതി. ബാലുശ്ശേരി മണ്ഡലം നവകേരള സദസ്സിലെ പരാതി കൗണ്ടറിലാണ് മദ്യപന്മാർക്ക് തുണയായി പരാതി ലഭിച്ചത്. സംസ്ഥാന സർക്കാറിന്റെ പ്രധാന വരുമാനമാർഗമായി മാറിയ വിദേശ മദ്യവിൽപന ഷാപ്പുകളിൽനിന്ന് മദ്യം വാങ്ങി സ്വകാര്യമായി ഇടവഴികളിലും ഒഴിഞ്ഞ പറമ്പുകളിലും പുഴവക്കത്തും എത്തി പരസ്യമദ്യപാനം നടത്തുന്നവരുടെ എണ്ണം കേരളത്തിലെ മിക്ക പ്രദേശങ്ങളിലും വർധിച്ചുവരുന്ന സാഹചര്യത്തിൽ സമാധാനത്തോടെ മദ്യം കഴിക്കാനായി കേരളത്തിൽ ബിവറേജ് ഷെൽട്ടർ സ്ഥാപിക്കണമെന്നാണ് ആവശ്യം.
മദ്യം കഴിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ നാട്ടിൻപുറത്തെ ഇടവഴികളിലും പുഴകളിലും മാലിന്യക്കൂമ്പാരം സൃഷ്ടിക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. മാത്രമല്ല സർക്കാർ ഖജനാവിലേക്ക് നല്ല വില നൽകി വാങ്ങിക്കുന്ന മദ്യം സേവിക്കാൻ ഒളിച്ചും പതുങ്ങിയും കഴിയേണ്ട അവസ്ഥ ഉപഭോക്താക്കൾക്ക് ദുരിതം സൃഷ്ടിക്കുകയാണെന്നും ഇതിനു പരിഹാരമായി ബിവറേജ് ഔട്ട്ലെറ്റിനോടൊപ്പം തന്നെ ബിവറേജ് ഷെൽട്ടറും നിർമിച്ചുനൽകണമെന്നാണ് ആവശ്യപ്പെടുന്നത്. തമിഴ്നാട്ടിലും കർണാടകയിലും പുതുച്ചേരി മാഹിയിലുമൊക്കെ ഇത്തരം ചെറുകിട ഷെൽട്ടറുകൾ യഥേഷ്ടമുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പനങ്ങാട് കെ.കെ. പത്മനാഭനാണ് ഈയൊരാവശ്യമുന്നയിച്ച് എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന് നവകേരള സദസ്സിലൂടെ പരാതി നൽകിയിട്ടുള്ളത്. ബാലുശ്ശേരി നവകേരള സദസ്സിലെ 20 കൗണ്ടറുകളിലായി 5461 പരാതികളാണ് വിവിധ വകുപ്പുകളിലേക്കായി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.