വഴിക്കടവ്: കർണാടകയിൽ കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ ചൊവ്വാഴ്ച രാത്രി മുതൽ ഏർപ്പെടുത്തിയ സമ്പൂർണ കർഫ്യൂ കാരണം കേരളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്ക്. തമിഴ്നാട്-നാടുകാണി--വഴിക്കടവ് അന്തർസംസ്ഥാന പാതവഴി നൂറുകണക്കിന് യാത്രാവാഹനങ്ങളാണ് ചൊവ്വാഴ്ച മലപ്പുറം ജില്ലയിലെത്തിയത്.
ഇരുചക്രവാഹനങ്ങളും കാറുകളുമാണ് നാടുകാണി ചുരം ഇറങ്ങിയത്. ഉച്ച ആയപ്പോഴേക്കും ആയിരത്തോളം യാത്രാവാഹനങ്ങൾ ചുരം ഇറങ്ങിയതായാണ് വഴിക്കടവ് ആനമറിയിലെ ചെക്ക്പോസ്റ്റിലെ എൻട്രി ബുക്കിൽ രേഖപ്പെടുത്തിയത്. കേരളത്തിൽനിന്നുള്ള വിദ്യാർഥികളും കച്ചവടക്കാരും തോട്ടം മേഖലയിലെ മലയാളി കുടുംബങ്ങളുമാണ് ചുരം ഇറങ്ങിയത്.
ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ വഴിക്കടവ് വഴി കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കടന്നുവരുന്ന യാത്രക്കാർ 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്നാണ് ആരോഗ്യ വകുപ്പിെൻറ നിർദേശം. എന്നാൽ, വഴിക്കടവ് ആനമറി അതിർത്തിയിലെ ചെക്ക്പോസ്റ്റിൽ യാത്രകാർക്ക് നിർദേശങ്ങൾ നൽകാനോ ശരീരോഷ്മാവ് പരിശോധിക്കാനോ ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയമിച്ചിട്ടില്ല. പൊലീസും റവന്യൂ വകുപ്പും മാത്രമാണ് ഇവിടെ ചെക്ക്പോസ്റ്റിൽ ചുമതലയിലുള്ളത്.
യാത്രക്കാർ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് മാത്രമാണ് ചെക്ക്പോസ്റ്റിൽ പരിശോധിക്കുന്നത്. അന്തർ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന യാത്രക്കാർ ക്വാറൻറീനിൽ കഴിയുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള സാഹചര്യം പോലും ഇവിടെയില്ല. ചെക്ക്പോസ്റ്റിൽ ആരോഗ്യ വകുപ്പിെൻറ സേവനം ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.