തൃശൂർ: സൈമൺ ബ്രിട്ടോയുടെ ഒരു ഓർമദിനംകൂടിയെത്തുേമ്പാൾ സഖാവിെൻറ നിറസ്മരണയിൽ കേരളം മനസ്സിൽ നിറച്ചൊരാൾ ബിഹാറിലെ പട്നയിലുണ്ട്. ഏഴുവർഷം സൈമൺ ബ്രിട്ടോയുടെ സഹായിയായിരുന്ന കോംറേഡ് എന്ന് എല്ലാവരും വിളിക്കുന്ന അർജുൻദാസ്.
'ബ്രിട്ടോയുടെ മരണശേഷം കോംറേഡ് ഇപ്പോൾ എവിടെയാണ്?', രണ്ടുവർഷം പിന്നിടുേമ്പാൾ ഈ ചോദ്യം സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറിെൻറ ചെവിയിൽ ഇടക്കിടെ പതിയുന്നുണ്ട്. ''കോംറേഡിനെ കൂടെനിർത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. ബ്രിട്ടോയുടെ മരണശേഷം വരുമാനം വിഷയമായി. പിന്നീട് ഒന്നുരണ്ടിടത്ത് ജോലി ശരിയാക്കിയെങ്കിലും കോംറേഡ് തിരിച്ചുവന്നു. ആയിടക്കാണ് ഡൽഹിയിലേക്ക് താമസംമാറ്റാൻ തീരുമാനിച്ചത്. അങ്ങനെ കുറച്ചുകാലം നാട്ടിൽ പോയിനിൽക്കാൻ പറഞ്ഞയക്കുകയായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെടാറുണ്ട്.'' -സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന 'മാധ്യമ'ത്തോട് പറഞ്ഞു.
''ഞാൻ ഇവിടെയുണ്ട്. പട്നയിൽനിന്ന് 30 കിലോമീറ്റർ അകലെ മാധവ്പുർ മനേറിനടുത്ത ഗ്രാമത്തിൽ'' -ടെലിഫോണിൽ ബന്ധപ്പെട്ടപ്പോൾ കോംറേഡ് 'മാധ്യമ'ത്തോട് പ്രതികരിച്ചു. 'കേരളത്തിൽനിന്ന് വന്നതിൽപിന്നെ പണിയൊന്നും കിട്ടിയില്ല. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിൽ കഷ്ടപ്പാടാണ്. രണ്ട് ആൺമക്കൾക്കും കാര്യമായ വരുമാനമില്ല. മകൾക്ക് വിവാഹപ്രായമായി. സീനയുടെ സാമ്പത്തികസഹായം എത്തുന്നുണ്ട്'' -അർജുൻദാസ് പറഞ്ഞു.
ദേശാഭിമാനിയിൽ ജോലിയിലിരിക്കെ ബ്രിട്ടോയുടെ സഹായി താനായിരുന്നുവെന്ന് സീന പറഞ്ഞു. 'മകൾ ഉണ്ടായതോടെയാണ് ബ്രിട്ടോക്ക് സഹായിവേണമെന്ന ചിന്ത വന്നത്. ഇക്കാര്യമറിഞ്ഞ പട്നയിലെ പഴയ എസ്.എഫ്.ഐ സുഹൃത്ത് രബീന്ദ്ര പ്രസാദാണ് അർജുൻദാസിെന പറഞ്ഞയച്ചത്. ആദിവസം ഓർമയുണ്ട്. ഫോൺ വന്നതനുസരിച്ച് എറണാകുളത്തെ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ കണ്ടത് ഒരു കുപ്പിവെള്ളം മാത്രം കൈയിൽ കരുതിയ കീറിയ പാൻറുമണിഞ്ഞ മെലിഞ്ഞ ഒരു മനുഷ്യനെയാണ്. കണ്ടപ്പോൾതന്നെ അയാൾ പറഞ്ഞു -''ലാൽ സലാം''- സീന പറഞ്ഞു.
പട്നയിലെ മാധവ്പൂർ മനേർ സി.പി.എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായിരുന്നു അർജുൻദാസ്. പിന്നീട് ബ്രിട്ടോയുടെ കൂടെ ഭാരതപര്യടനം നടത്തിയ അവിസ്മരണീയ ഓർമകളുണ്ട് ഇപ്പോൾ അർജുൻദാസിെൻറ കൂട്ടിന്. 2018ൽ അർജുൻദാസിെൻറ പിതാവ് മരിച്ചപ്പോൾ സീനയും മകളും പട്നയിലെത്തി മടങ്ങവേയായിരുന്നു തൃശൂരിൽ വെച്ചുള്ള ബ്രിട്ടോയുടെ മരണം. അതോടെ അർജുൻദാസും സീനയോടൊപ്പം എറണാകുളത്തെ വസതിയിലെത്തിയിരുന്നു. മാസങ്ങൾക്കുശേഷം വീണ്ടും തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു അർജുൻദാസ് സ്വന്തം നാട്ടിലേക്ക് തിരിച്ചത്.
'വീണ്ടും കേരളത്തിൽ വരണമെന്ന് തോന്നാറുണ്ട്... പക്ഷേ, കോംറേഡ് ബ്രിട്ടോ ഇല്ലാതെ ഞാനെന്തിനാ വരുന്നത്'' -അർജുൻദാസ് ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.