ശബരിമല: ഒരാഴ്ചയായി ശബരിമലയിൽ നീണ്ടുനിന്ന തീർഥാടകത്തിരക്കിന് അൽപം ശമനം. 15 മണിക്കൂറിലേറെ നേരം കാത്തുനിന്ന ശേഷമായിരുന്നു കുറേ ദിവസങ്ങളായി ദർശനം സാധ്യമായിരുന്നത്. എന്നാൽ, വ്യാഴാഴ്ച പുലർച്ച മുതൽ പമ്പയിലും സന്നിധാനത്തും അടക്കം കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ 90,000 തീർഥാടകർക്ക് മുകളിൽ ദർശനത്തിന് എത്തിയിരുന്നു. എന്നാൽ, വ്യാഴാഴ്ച വൈകീട്ട് ആറു വരെ ലഭിച്ച കണക്കനുസരിച്ച് 58188 തീർഥാടകർ മാത്രമാണ് എത്തിയത്. മരക്കൂട്ടത്തുനിന്ന് ശരംകുത്തി വഴി സന്നിധാനത്തേക്കുള്ള പാതയിലും ഭക്തർക്ക് ഒരു മണിക്കൂറിലേറെ നേരം കാത്തുനിൽക്കേണ്ടി വന്നില്ല. ഒരാഴ്ചമുമ്പ് അടുത്തടുത്ത ദിവസങ്ങളിൽ ലക്ഷത്തിനടുത്ത് തീർഥാടകർ ദർശനത്തിനായി എത്തിയപ്പോൾ പൊലീസിന്‍റെ സകല നിയന്ത്രണങ്ങളും പാളിയിരുന്നു. ഇതിന്‍റെ ഫലമായി പത്തനംതിട്ടയിൽനിന്നും എരുമേലിയിൽനിന്നുമുള്ള ശരണപാതകളിൽ തീർഥാടക വാഹനങ്ങൾ പൊലീസ് തടഞ്ഞിടുന്ന സാഹചര്യവുമുണ്ടായി. നിലക്കലിൽ നിന്നുള്ള ചെയിൻ സർവിസിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തീർഥാടകരുടെ പ്രതിഷേധം കടുത്തതോടെ ബുധനാഴ്ച അർധരാത്രിയോടെ പൊലീസ് നിയന്ത്രണങ്ങൾക്ക് അയവുവരുത്തി. വെള്ളിയാഴ്ച ക്രിസ്മസ് പരീക്ഷകൾക്ക് തുടക്കമാവും എന്നതിനാൽ വരുന്ന ഒരാഴ്ചത്തേക്ക് കാര്യമായ തീർഥാടകത്തിരക്ക് ഉണ്ടാവില്ലെന്നാണ് കണക്കുകൂട്ടുന്നത്.
ദേവസ്വം മന്ത്രി സന്നിധാനത്ത്
ശബരിമല: ശബരിമലയിൽ തിരക്ക് നിയന്ത്രണം പാളിയതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ എത്തി. വ്യാഴാഴ്ച പുലർച്ച മൂന്നിനാണ് മന്ത്രി സന്നിധാനത്ത് എത്തിയത്. രാവിലെ 11.30 മുതൽ സന്നിധാനത്ത് പതിനെട്ടാംപടി, സോപാനം ഉൾപ്പെടെയുള്ള ഇടങ്ങൾ സന്ദർശിച്ചു. തന്ത്രി, മേൽശാന്തി എന്നിവരുമായി ആശയവിനിമയവും നടത്തി. മാധ്യമങ്ങളെക്കണ്ട് വൈകീട്ട് നാലോടെയാണ് മന്ത്രി മടങ്ങിയത്.
കൊച്ചി: എരുമേലിയിൽ അമിത പാർക്കിങ് ഫീസ് ഈടാക്കുന്നെന്ന ഭക്തരുടെ പരാതിയിൽ ഹൈകോടതിയുടെ ഇടപെടൽ. വ്യാഴാഴ്ച രാവിലെ ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേ ദേവസ്വം ബെഞ്ച് ഇക്കാര്യത്തിൽ എരുമേലി ഗ്രാമപഞ്ചായത്തിന്റെ വിശദീകരണം തേടി. ദേവസ്വം ബോർഡിന്റെ പാർക്കിങ് ഗ്രൗണ്ട് പാട്ടത്തിനെടുത്ത വ്യക്തി അമിത ഫീസ് ഈടാക്കിയെന്ന് കണ്ടെത്തി 5,000 രൂപ പിഴ ചുമത്തിയതായി അധികൃതർ ഉച്ചകഴിഞ്ഞ് വീണ്ടും ഹരജി പരിഗണിച്ചപ്പോൾ ഹൈകോടതിയെ അറിയിച്ചു.
എരുമേലിയിൽ ആറ് സ്വകാര്യ പാർക്കിങ് ഗ്രൗണ്ടുകളൊഴികെ മറ്റുള്ളവയെല്ലാം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി സർക്കാർ അഭിഭാഷകൻ മുഖേന വിശദീകരിച്ചു. ഈ ഗ്രൗണ്ടുകളുടെ ഉടമസ്ഥർക്ക് നോട്ടീസ് നൽകാൻ നടപടിയെടുത്തെന്നും വ്യക്തമാക്കി.
എരുമേലിയിലെ ടോയ്ലെറ്റ് കോംപ്ലക്സുകളിൽ അമിത ഫീസ് വാങ്ങുന്നതായി പരാതിയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ടോയ്ലറ്റ് കോംപ്ലക്സുകൾ പാട്ടത്തിനെടുത്തവരോട് നേരത്തേ നിശ്ചയിച്ച ഫീസ് മാത്രമേ വാങ്ങാവൂവെന്ന് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഭക്ഷണശാലകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ പരിശോധനയിൽ ഉറപ്പാക്കിയതായി അമിക്കസ്ക്യൂറി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.