കോഴിക്കോട്: ദലിതരെയും മതന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും വിശ്വാസത്തിലെടുക്കാതെ കോൺഗ്രസിന് കേരളത്തിൽ നിലനിൽപില്ലെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്‍റും ജനറൽ സെക്രട്ടറിയുമായ പി. രാമഭദ്രൻ. കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്), കെ.ഡി.എഫിൽ ലയിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിവുള്ള ദലിത് നേതാക്കളെ ബൂത്ത് കമ്മിറ്റികൾക്ക് അപ്പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ല. പാർട്ടിയിൽ പട്ടിക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകണമെന്ന എ.ഐ.സി.സി തീരുമാനം സംഘടിതമായി അട്ടിമറിച്ചു. മുന്നൂറിലേറെ കെ.പി.സി.സി അംഗങ്ങളിൽ അഞ്ചുപേർ മാത്രമാണ് പട്ടികവിഭാഗങ്ങളിൽനിന്നുള്ളത്. 284 ബ്ലോക്ക് പ്രസിഡന്റുമാരിൽ പട്ടിക വിഭാഗത്തിൽനിന്നുള്ളത് ഒരാൾ മാത്രമാണ്.
എല്ലാ ബ്ലോക്ക് കമ്മിറ്റികൾക്ക് കീഴിലും പട്ടിക വിഭാഗത്തിൽനിന്നുള്ള ഒരു മണ്ഡലം പ്രസിഡന്റ് നിർബന്ധമായും ഉണ്ടാകണമെന്ന എ.ഐ.സി.സി തീരുമാനവും കേരളത്തിലെ കോൺഗ്രസ് അട്ടിമറിച്ചു. ഇതിനെ ചോദ്യം ചെയ്താൽ കേരളത്തിലെ കോൺഗ്രസിനുള്ളിൽതന്നെ നിയന്ത്രിക്കാൻ കഴിയാത്ത കലാപങ്ങൾ രൂപം കൊള്ളുമെന്നും പി. രാമഭദ്രൻ പറഞ്ഞു.
കെ.വി. സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. രാജൻ വെമ്പിളി, പി.ജി. പ്രകാശ്, എം.എം. ദാസപ്പൻ, കെ.കെ. ബാലകൃഷ്ണൻ നമ്പ്യർ, എം. ബിനാൻസ്, അഡ്വ. സി. ഭാസ്കരൻ, ജോസ് അച്ചിക്കൽ, ഐവർകാല ദിലീപ്, വിജയൻ സി. കുട്ടമ്മത്, മധുമോൾ പഴയിടം, പി. സരസ്വതി, കെ.പി. റുഫാസ്, ദേവദാസ് കുതിരാടം, പി. ഗോലൻ, സാജൻ പഴയിടം, എ.കെ. സുനിൽ, ടി.പി. ശശികുമാർ, ഗോപി കുതിരക്കല്ല് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.