കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാടില്ല; വോട്ടിനായി വര്‍ഗീയവാദികളുടെ തിണ്ണനിരങ്ങിയിട്ടില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: വോട്ടിനായി ഒരു വര്‍ഗീയവാദിയുടെയും തിണ്ണനിരങ്ങിയിട്ടില്ലെന്നും അത്തരം വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ ഒരു പോലെ ചെറുത്ത് തോല്‍പ്പിക്കുമെന്ന നിലപാടാണ് തൃക്കാക്കരയില്‍ കോൺഗ്രസ് സ്വീകരിച്ചത്. നാലു വോട്ടിന് വേണ്ടി ഒരു വര്‍ഗീയവാദിയുടെയും തിണ്ണനിരങ്ങാന്‍ യു.ഡി.എഫ് പോകില്ലെന്നും സതീശൻ പറഞ്ഞു.

മതേതരവാദികളുടെ വോട്ടിൽ ജയിച്ചാല്‍ മതിയെന്ന നിലപാടെടുത്തു. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സമാന നിലപാട് സ്വീകരിക്കണം. ഇരു വര്‍ഗീയതകളെയും പ്രീണിപ്പിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ മാറ്റണം. കേരളത്തിലെ വര്‍ഗീയ വിദ്വേഷങ്ങളുടെ കാരണം സര്‍ക്കാറിന്‍റെ നിലപാടാണ്. നമ്മുടെ രാജ്യത്തും കേരളത്തിലും വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുന്ന സാഹചര്യമുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Full View

കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടില്ല. ദേശീയമായും കോണ്‍ഗ്രസിന് മതേതര നിലപാടാണ്. കാവി മുണ്ടുടുത്തവരെയും ചന്ദനംതൊട്ടവരെയും സംഘ്പരിവാറാക്കുന്നത് ശരിയല്ല. ക്ഷേത്രത്തില്‍ പോകുന്നവരെയും പള്ളിയില്‍ പോകുന്നവരെയും വര്‍ഗീയവാദികളാക്കുന്നു. മതങ്ങളെ ചേര്‍ത്തു പിടിച്ചു കൊണ്ടാണ് മുന്നോട്ടു പോകേണ്ടതെന്നും സതീശൻ വ്യക്തമാക്കി.

പിണറായി സർക്കാറിന്‍റെ പ്രോഗ്രസ് കാർഡ് തള്ളിയ പ്രതിപക്ഷ നേതാവ്, സർക്കാർ നടപ്പായെന്ന് അവകാശപ്പെടുന്ന 570 പദ്ധതികളിൽ നൂറെണ്ണം പോലും നടപ്പായിട്ടില്ലെന്നും ആരോപിച്ചു. പദ്ധതികൾ നടപ്പായെന്ന് തെളിയിക്കാൻ ഇടത് സർക്കാറിനെ വി.ഡി. സതീശൻ വെല്ലുവിളിച്ചു. 

Tags:    
News Summary - Congress has no soft Hindutva stance -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.