തിരുവനന്തപുരം: മാസങ്ങൾക്ക് ശേഷം കെ.പി.സി.സി ആസ്ഥാനത്ത് എ.കെ ആന്റണി വാർത്താസമ്മേളനം നടത്തിയപ്പോൾ അത് തുറന്നുപറച്ചിലുകളുടെയും വികാര പ്രകടനങ്ങളുടെയും വേദിയായി മാറി. പത്തനംതിട്ടയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്ന മകൻ അനിൽ ആന്റണി തോൽക്കണമെന്ന് തുറന്നു പറഞ്ഞ ആന്റണി സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലെ തന്റെ നിലപാടുകളും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വാർത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
അനിൽ ആന്‍റണിക്കെതിരെ പത്തനംതിട്ടയിൽ പ്രചാരണത്തിന് പോകുമോ എന്ന ചോദ്യത്തിന് താൻ പോകാതെ തന്നെ ആന്‍റോ ആന്‍റണി നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു മറുപടി. അനിൽ ആന്‍റണി തോൽക്കുമോ എന്നു ചോദിച്ചപ്പോഴാകട്ടെ കൃത്യമായ മറുപടിക്ക് മുതിരാതെ ബി.ജെ.പിയുടെ സുവർണ കാലം അവസാനിച്ചെന്ന പൊതുപ്രസ്താവനയിലേക്ക് വഴുതിമാറി. കേരളത്തിലെ ബി.ജെ.പിയുടെ സുവർണ കാലം കഴിഞ്ഞെന്നും ശബരിമല കത്തിനിന്ന കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലമായിരുന്നു അവരുടെ സുവർണകാലമെന്നും എല്ലാ മണ്ഡലത്തിലും അവർ മൂന്നാം സ്ഥാനത്തു പോകുമെന്നുമായിരുന്നു വിശദീകരണം. എ.കെ. ആന്റണി അടക്കമുള്ളവരോട് അനിൽ ആന്‍റണി പറയുന്നത് പാകിസ്താനിൽ പോകാനാണ് എന്ന് ഓർമിപ്പിച്ചപ്പോൾ ‘ ഉത്തരം പറഞ്ഞ് കഴിഞ്ഞെന്നും അതിനപ്പുറം പറയാനില്ല’ എന്നുമായി പ്രതികരണം. അനിൽ തോറ്റ് തിരിച്ചുവന്നാൽ സ്വീകരിക്കുമോ എന്നു ചോദിച്ചപ്പോൾ ഇത്രയൊക്കെ മതി എന്നു പറഞ്ഞു നിർത്തി.
ഡൽഹിയിൽനിന്ന് വന്നിട്ട് രണ്ടു വർഷമായി. ഇതിനിടെ ആദ്യമായാണ് കെ.പി.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനം നടത്തുന്നത്. രണ്ടു വട്ടം കോവിഡ് ബാധയുണ്ടായതിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകളാണ് കാരണം. അതിന്‍റെ പാർശ്വഫലങ്ങൾ അലട്ടുകയാണ്. പഴയ പോലെ സഞ്ചരിക്കാൻ ആരോഗ്യമില്ല. രണ്ടു വർഷത്തിനിടെ രണ്ടോ മൂന്നോ വട്ടമാണ് തിരുവനന്തപുരം വിട്ട് പോയത്. ഈ തെരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമാണ്. ആരോഗ്യ നില അത്ര നല്ലതല്ലെങ്കിലും ബി.ജെ.പി സർക്കാറിന് അന്ത്യം കുറിക്കാനുള്ള തെരഞ്ഞെടുപ്പിൽ തന്‍റെ പങ്കും വഹിക്കാൻവേണ്ടിയാണ് ഈ വാർത്തസമ്മേളനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.
ചരിത്രം പറയാൻ തുടങ്ങിയാൽ ഒരുപാട് ഓർത്ത് പറയേണ്ടി വരും. 1977 ൽ കൂത്തുപറമ്പിൽ പിണറായി വിജയൻ മത്സരിച്ചപ്പോൾ ആരൊക്കെയാണ് പ്രചാരണത്തിന് ഒപ്പമുണ്ടായിരുന്നത്. 89ൽ ആഴ്ചയിലെ എല്ലാ ബുധനാഴ്യിലും വി.പി. സിങ്ങിന്‍റെ വീട്ടിൽ ഒരുമിച്ച് കൂടിയത് ആരൊക്കെയാണ്. ചരിത്രം എന്നെക്കൊണ്ട് പറയിപ്പിക്കരുത്.
ഇതേ പിണറായി ആന്‍റണിക്കുവേണ്ടി വോട്ട് തേടിയിട്ടില്ലേ എന്ന ചോദ്യത്തിന് താനും പിണറായിക്കുവേണ്ടി വോട്ട് തേടിയിട്ടുണ്ടെന്നായി മറുപടി. 1987 ലെ തെരഞ്ഞെടുപ്പിൽ ഒരു മതത്തെ വ്യാപകമായി മോശമായി ചിത്രീകരിച്ചാണ് മാർക്സിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത്. ശരീഅത്ത് മാറ്റണമെന്നു പറഞ്ഞവരാണ് മാർക്സിസ്റ്റുകാർ. മാർക്സിസ്റ്റ് പ്രസ്ഥാനത്തിനും ബി.ജെ.പിക്ക് എതിരായ പോരാട്ടത്തിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ഇന്നത്തെ കോൺഗ്രസുകാർ നാളത്തെ ബി.ജെ.പിക്കാരാണെന്ന ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് ഇ.എം.എസും എ.കെ.ജിയുമെല്ലാം പണ്ട് കോൺഗ്രസ് ആയിരുന്നില്ലേ എന്നും അവരൊക്കെ പോയിട്ടും കോൺഗ്രസിന് എന്തെങ്കിലും സംഭവിച്ചോ എന്നുമായിരുന്നു മറുചോദ്യം.
പ്രചാരണം ആരംഭിച്ചതു മുതൽ മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ദുഷ്പ്രചാരണം നടത്തുകയാണ്. അതാണ് വിമർശനം കൂടുതലാവാൻ കാരണം. കോൺഗ്രസ് അല്ലാതെ രാജ്യത്ത് ആരാണ് മോദിക്കെതിരെ നിർഭയമായി നിലകൊള്ളുന്നത്. ബി.ജെ.പിയെ പുറത്താക്കുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. മോദിക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധിയെയാണോ മോദി എന്ന വാക്ക് പോലും ഉച്ചരിക്കാൻ ഭയപ്പെടുന്ന പിണറായി വിജയന്‍റെ പാർട്ടിയെയാണോ വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ഏറ്റവും വലിയ ദുരന്തമായത് കേരളത്തിലെ ഇടതു തുടർഭരണമാണ്. തുടർഭരണത്തിന്‍റെ തുടർ ദുരിതങ്ങൾ ഇന്നും അനുഭവിക്കുകയാണ്. എട്ടു വർഷം കൊണ്ട് കേരളം പാപ്പരായി. ഇനി ഭരണമാറ്റമുണ്ടായാലും വരാൻ പോകുന്ന പുതിയ സർക്കാറിന് പെട്ടെന്നൊന്നും കേരളത്തെ രക്ഷപ്പെടുത്താൻ സാധ്യമല്ലാത്തവിധമാണ് തകർച്ച. തെരഞ്ഞെടുപ്പ് കാലത്തും ബോംബുണ്ടാക്കുകയാണ്. മാർക്സിസ്റ്റ് പാർട്ടിക്കാർക്ക് മാത്രമാണ് നീതി, മറ്റുള്ളവർക്ക് നീതിയില്ല. ഇതിനൊക്കെയുള്ള പരിഹാരമാണ് വരുന്ന തെരഞ്ഞെടുപ്പ്. കേന്ദ്രത്തിൽ മോദിയെ താഴെയിറക്കണം. കേരളത്തിൽ പിണറായി സർക്കാറിനെതിരായ വിധിയെഴുത്തുണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.