കൊടിയത്തൂർ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ബാബു പൊലുകുന്നത്ത് (55 ) അറസ്റ്റിൽ.
ബംഗളുരുവിലെ ഹുസ്കർ എന്ന സ്ഥലത്ത് ഒളിവിൽ കഴിയവെയാണ് ശനിയാഴ്ച പുലർച്ചെ മുക്കം പൊലീസിന്റെ പിടിയിലായത്. കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖയിൽ പന്ത്രണ്ട് പവനോളം മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കേസിൽ ബാബു പൊലുകുന്നത്തിനെ പൊലീസ് പ്രതി ചേർത്തിരുന്നു. ബന്ധുക്കളുടെ ഫോൺ കോളുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
മുക്കം ഇൻസ്പെക്ടർ പ്രജീഷ്, ഷിബിൽ ജോസഫ്, അബ്ദുൽ റഷീദ്, ഹോം ഗാർഡ് ഷൈജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ബാബുവിനെ വൈകുന്നേരം ഏഴരയോടെ മുക്കം സ്റ്റേഷനിലെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി.
ബാബു പോവാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് എത്തി പരിശോധന നടത്തിയിരുന്നു. ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിലെ മുൻ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയിൽ മോഹൻദാസ് (57) വ്യാഴാഴ്ച ജീവനൊടുക്കിയിരുന്നു.
ദലിത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണുമ്മൽ, കൊടിയത്തൂർ സ്വദേശികളായ മാട്ടുമുറിക്കൽ സന്തോഷ് കുമാർ പെരുമണ്ണ സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെക്കുന്നതിനിടെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.