ആലപ്പുഴ: കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. ഞായറാഴ്ച രാത്രി 8.45ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കെ.പി.സി.സി അംഗമാണ്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യന്‍റെ മകനാണ്. വിദ്യാഭ്യാസകാലം മുതൽ പിതാവിന്‍റെ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസ് ചിന്താഗതിയിലേക്ക് മാറി ചിന്തിച്ചിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ കെ.എസ്.യു പ്രവർത്തകനായാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
ഇന്ദിരഗാന്ധിയോടും കെ. കരുണാകരനോടുമുള്ള ആരാധനയും ബന്ധവും ലാൽ വർഗീസ് കൽപകവാടിയെ കറകളഞ്ഞ കോൺഗ്രസുകാരനാക്കി. 1980ൽ കോൺഗ്രസിന്‍റെ കർഷക സംഘടനയായ കർഷക കോൺഗ്രസ് സംസ്ഥാന ട്രഷറർ ആയി. കർഷക കോൺഗ്രസിൽതന്നെ കഴിഞ്ഞ 45 വർഷമായി ഉറച്ചുനിന്നു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയിൽ കർഷകർക്കുവേണ്ടി പോരാട്ടം നടത്തി. ദേശീയതലത്തിൽ കോൺഗ്രസിന്‍റെ കർഷക സംഘടന രൂപവത്കരിക്കുന്നതിന് അദ്ദേഹത്തെ 2016ൽ കിസാൻ കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ ആയി എ.ഐ.സി.സി നിയമിച്ചു.
ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് ഹോൾട്ടികോർപ് ചെയർമാനായി അഞ്ചുവർഷം പ്രവർത്തിച്ചു. 2021ൽ യു.ഡി.എഫ് സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു. പ്രേംനസീർ ഉൾപ്പെടെ സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
ഭാര്യ: സുശീല ജേക്കബ്. മകൻ: അമ്പു വർഗീസ് വൈദ്യൻ. മരുമകൾ: ആൻ വൈദ്യൻ കൽപകവാടി കരുവാറ്റ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.