മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബുധനാഴ്ച നടക്കുന്ന കോൺഗ്രസ്-മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ ലീഗിന്റെ മൂന്നാം സീറ്റും മലപ്പുറത്തെ കോൺഗ്രസ് ഗ്രൂപ്പ് തർക്കങ്ങളും ചർച്ചയാവും. മലപ്പുറം, പൊന്നാനി ലോക്സഭ മണ്ഡലങ്ങൾക്ക് പുറമെ ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം പാർട്ടി ശക്തമായി ഉന്നയിക്കുമെന്ന് നേതൃത്വം വ്യക്തമാക്കുന്നു.
കണ്ണൂർ, വടകര മണ്ഡലങ്ങളിലേതെങ്കിലുമൊന്ന് വേണമെന്ന ആവശ്യമാണ് ഉന്നയിക്കുക. ഇത് ലഭിക്കുമെന്നുറപ്പില്ല. കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെങ്കിലും മുന്നണി മര്യാദയുടെ ഭാഗമായി ലീഗ് വിട്ടുവീഴ്ച ചെയ്യാറാണ് പതിവ്.
ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ട് എന്ന് തന്നെയാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മുമ്പ് അഞ്ചാം മന്ത്രി വിവാദമുണ്ടായതുപോലെ മൂന്നാം സീറ്റ് വിവാദത്തിന് വഴിവെക്കുമോയെന്ന ആലോചന കോൺഗ്രസിലുണ്ട്. എല്ലാ തവണയും ലോക്സഭ സീറ്റ് വിഷയത്തിൽ ലീഗ് ആവശ്യം ഉന്നയിക്കാറുണ്ടെങ്കിലും പരസ്പര ധാരണയിൽ ചർച്ച അവസാനിപ്പിക്കാറാണ് പതിവ്.
മലപ്പുറം ജില്ലയിൽ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ലീഗ് ഗൗരവത്തിലാണ് കാണുന്നത്. തർക്കം പൊന്നാനി ലോക്സഭ മണ്ഡലത്തിൽ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്ക ലീഗിനുണ്ട്. പ്രസിഡന്റുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ 15ഓളം മണ്ഡലങ്ങളിലെ കോൺഗ്രസിൽ പ്രശ്നം രൂക്ഷമാണ്.
ആര്യാടൻ ഷൗക്കത്ത് ഇടക്കാലത്തുണ്ടാക്കിയ വിള്ളലും തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ബാധിക്കുമോയെന്ന ആശങ്ക ലീഗിനുണ്ട്. മലപ്പുറത്ത് സമദാനിയും പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറും തന്നെ മൽസരിക്കുമെന്നാണ് ലീഗ് നേതൃത്വം നൽകുന്ന സൂചന.
പൊതുവേ ഇടതുപക്ഷം ശ്രദ്ധചെലുത്തുന്ന സീറ്റാണ് പൊന്നാനി. പൊന്നാനി, തവനൂർ, താനൂർ നിയമസഭ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥികളാണ് ജയിച്ചത്.
ഇത് ഇടതുപക്ഷത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സമസ്ത-ലീഗ് തർക്കവും കോൺഗ്രസിലെ തർക്കവും തങ്ങൾക്കനുകൂലമാക്കാനാവുമോ എന്ന് സി.പി.എം ‘ഗവേഷണം’ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.