തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ആരംഭിച്ച അംഗത്വവിതരണം പാർട്ടിയിലെ പുനഃസംഘടനക്ക് തടസ്സമല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും പ്രദേശ് റിട്ടേണിങ് ഓഫിസർ ജി. പരമേശ്വരയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിലിൽ സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുംവരെ പുനഃസംഘടനക്ക് തടസ്സമില്ല.
എന്നാൽ ഇപ്പോൾ നോമിനേറ്റ് ചെയ്യപ്പെടുന്നവരും സംഘടനാ തെരഞ്ഞെടുപ്പ് നേരിട്ട് പ്രവർത്തകരുടെ പിന്തുണ തെളിയിക്കണം. രാജ്യത്ത് ആദ്യമായി കേരളത്തിൽ കെ.പി.സി.സി രൂപം നൽകിയ സി.യു.സി സംവിധാനം മികവുറ്റതാണ്. കേരളത്തിൽ 50 ലക്ഷം പേർക്ക് കോൺഗ്രസ് അംഗത്വം നൽകും. കഴിഞ്ഞതവണ 33 ലക്ഷം പേർക്കാണ് അംഗത്വം ഉണ്ടായിരുന്നത്. അഞ്ച് രൂപയാണ് അംഗത്വഫീസ്. തിരിച്ചറിയൽ കാർഡിനുള്ള 10 രൂപയും ഉൾപ്പെടെ 15 രൂപ അംഗങ്ങളിൽനിന്ന് ഈടാക്കും. നേരിട്ട് കൂപ്പണുകളിലൂടെയും ഓൺലൈൻ വഴിയും അംഗത്വം നൽകും. അംഗത്വവിതരണത്തിന് ഭവനസന്ദർശനവും നടത്തും.
അംഗത്വവിതരണം ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ല തലങ്ങളിൽ നേതാക്കൾക്ക് ചുമതല നൽകും. രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന നേതൃയോഗം അംഗത്വവിതരണം ത്വരിതപ്പെടുത്തുന്നതും ചർച്ച ചെയ്തു. ഡിജിറ്റൽ യുഗത്തിലേക്ക് കടന്ന സാഹചര്യത്തിൽ കൂടുതൽ പേരിലേക്ക് എത്തുന്നതിന് ഡിജിറ്റൽ അംഗത്വ വിതരണം ആവശ്യമാണെന്ന് പരമേശ്വര പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാനതലത്തിൽ പരിശീലനം നേടുന്നവർ ജില്ലകളിലെത്തി നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.