ആലപ്പുഴ: അസുഖബാധിതയായ സ്ത്രീയെ അടിയന്തരമായി ആശുപത്രിയിൽ കൊണ്ടു പോകാനെത്തിയ എയർ ആംബുലൻസിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്‍റെ യാത്ര വൈകിപ്പിച്ചു. ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ക്രിസ്ത്യൻ കോളജ് മൈതാനത്തെ ഹെലിപാഡിൽ എത്തിയപ്പോഴാണ് എയർ ആംബുലൻസിന്‍റെ കാര്യം രാഹുൽ അറിയുന്നത്.
അസുഖബാധിതയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനുള്ള തയാറെടുപ്പിലായിരുന്നു ആംബുലൻസിലെ ആളുകൾ. വിവരം അറിഞ്ഞ രാഹുൽ, എയർ ആംബുലൻസ് പോയ ശേഷം യാത്ര തുടരാമെന്ന് അറിയിച്ചു. തുടർന്ന് യാത്ര പോകേണ്ട ഹെലികോപ്റ്ററിന് സമീപം കാത്തുനിന്നു. ആംബുലൻസ് പുറപ്പെട്ട ശേഷമാണ് രാഹുൽ ആലപ്പുഴയിലേക്ക് യാത്ര തിരിച്ചത്.
പ്രളയബാധിതരുെട ആകുലതകൾ നേരിട്ടു മനസിലാക്കുവാനായി രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽ ഗാന്ധി രാവിലെ സംസ്ഥാനത്തെത്തിയത്. ഹെലികോപ്ടർ മാർഗം ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ രണ്ടു മണിക്കൂർ അവിടെ ചെലവിട്ട് പ്രളയക്കെടുതിയിൽ കഷ്ടത അനുഭവിക്കുന്നവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ. കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ എന്നിവർ അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.