മൂഫിയയുടെ മരണം: കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും കണ്ണീർവാതകവും

ആലുവ: നിയമവിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ സി.ഐയെ സസ്പെൻഡ്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി റൂറൽ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളടക്കം പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്ക്​. സമരക്കാർക്കുനേരെ പൊലീസ് രണ്ടുവട്ടം ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.

ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് മുനിസിപ്പൽ ഗ്രൗണ്ടിന് സമീപം പൊലീസ്​ ബാരിക്കേഡ് വെച്ച് തടഞ്ഞതോടെയാണ്​ സംഘർഷങ്ങളുടെ തുടക്കം. പ്രവർത്തകർ ഇത്​ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ്​ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു​. ഹൈബി ഈഡൻ എം.പി, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് എന്നിവർ ഉൾപ്പെടെ നിരവധിപേർ ജലപീരങ്കിയേറ്റിട്ടും പിന്മാറിയില്ല. പിന്നീട് നേതാക്കൾക്ക് പ്രവർത്തകർ വലയം തീർത്തു. 15 മിനിറ്റിലേറെ നീണ്ട ജലപീരങ്കിക്കുശേഷം നടന്ന യോഗം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.


ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ജെ. ജോമി സംസാരിച്ചു. ഉദ്ഘാടനം കഴിഞ്ഞതോടെ പൊലീസിനുനേരെ കല്ലേറുണ്ടായി. ഇതേതുടർന്ന് പൊലീസ് വീണ്ടും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. നീറിനിന്ന ഒരു കണ്ണീർവാതക ഷെൽ സമരക്കാരിലൊരാൾ പൊലീസിനുനേരെ തിരികെയെറിഞ്ഞത് പൊലീസിനെയും വലച്ചു. കണ്ണീർവാതക പ്രയോഗത്തോടെ പ്രവർത്തകരെല്ലാം നാലുപാടും ചിതറിയോടി. പരിക്കേറ്റ കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്​ലം, ചെങ്ങമനാട് പഞ്ചായത്ത് അംഗം നൗഷാദ് പാറപ്പുറം, ഹസൻ അരീഫ്ഖാൻ, റിസ്വാൻ എന്നിവരെ സ്വകാര്യ ആശുപത്രിയിലും ഷിജു തോട്ടപ്പിള്ളി, കെ.എച്ച്. കബീർ എന്നിവരെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. 10 മിനിറ്റിനുശേഷം തിരികെയെത്തിയ സമരക്കാർ വീണ്ടും റോഡിൽ കുത്തിയിരുന്നു.

ഇതിനിടയിൽ യൂത്ത് കോൺഗ്രസ് നേതാവ് വിപിൻദാസി​െൻറ നേതൃത്വത്തിൽ ടയറുകൾ കത്തിച്ച് പൊലീസിനുനേരെ എറിയാൻ ശ്രമം നടന്നു. എന്നാൽ, ഇത് മുതിർന്ന നേതാക്കൾ ഇടപെട്ട് തടഞ്ഞു. കല്ലേറിലടക്കം രണ്ട് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ എട്ടോളം പൊലീസുകാർക്കും പരിക്കേറ്റു. ആലുവ സീനത്ത് കവല മുതൽ പൊലീസ് സ്‌റ്റേഷൻ വരെ രണ്ടുമണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നു. 

സി.ഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. ആ കുട്ടിയുടെ മാതാപിതാക്കളുടെ കണ്ണുനീര് കണ്ട് തകര്‍ന്നുപോയി. മുഖ്യമന്ത്രി ഇവരുടെ കണ്ണുനീര്‍ കാണുന്നില്ലേ? പെണ്‍കുട്ടി ജീവനോടെയിരുന്നപ്പോള്‍ നീതി കിട്ടിയില്ല. ഇനിയെങ്കിലും നീതി കിട്ടണമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.

മൂഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ സി.ഐക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. മൂഫിയ ആത്മഹത്യ ചെയ്ത അന്ന് ചര്‍ച്ചയ്ക്കായി ആലുവ സി.ഐ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വളരെ മോശമായാണ് സി.ഐ പെരുമാറിയതെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്നും പിതാവ് പറഞ്ഞു.


(മൂഫിയയുടെ മാതാവ് ഫാരിസ, മൂഫിയ)

 പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തി മുറിയില്‍ കയറിയ വാതിലടച്ച മൂഫിയ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും പരാമര്‍ശമുണ്ട്- "ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. ഞാന്‍ എന്തുചെയ്താലും മാനസികപ്രശ്നമെന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ടുനില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരുപാടായി സഹിക്കുന്നു. പടച്ചോന്‍ പോലും നിന്നോട് പൊറുക്കൂല്ല. സി.ഐക്കെതിരെ നടപടിയെടുക്കണം. സുഹൈല്‍, ഫാദര്‍, മദര്‍ ക്രിമിനലുകളാണ്. അവര്‍ക്ക് മാക്സിമം ശിക്ഷ കൊടുക്കണം. എന്‍റെ അവസാനത്തെ ആഗ്രഹം..

എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി. അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. എന്നാല്‍ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ചയാള്‍ എന്നെപ്പറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും. പപ്പ സന്തോഷത്തോടെ ജീവിക്ക്. എന്‍റെ റൂഹ് ഇവിടെത്തന്നെ ഉണ്ടാകും. അവനെ അത്രമേല്‍ സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. എന്ത് തെറ്റാണ് ഞാന്‍ നിങ്ങളോട് ചെയ്തത്? നിങ്ങളെ ഞാന്‍ സ്നേഹിക്കാന്‍ പാടില്ലായിരുന്നു"- എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍.

Tags:    
News Summary - Mofiya death Congress protests Water cannon and tear gas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.