തിരുവനന്തപുരം: ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെയും പട്ടിക തയാറാക്കൽ അന്തിമഘട്ടത്തിൽ. പട്ടികക്ക് അന്തിമരൂപം നൽകാൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി ആസ്ഥാനത്ത് അടച്ചിട്ട മുറിയിൽ തിങ്കളാഴ്ച ഉച്ചക്കുശേഷം ആരംഭിച്ച കൂടിയാലോചന രാത്രിയും തുടർന്നു. ചൊവ്വാഴ്ച രാവിലെ പ്രതിപക്ഷനേതാവ് കണ്ണൂരിലേക്ക് പോകുന്നതിനാൽ അന്തിമപട്ടിക തയാറാക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നത്.
രണ്ടായാഴ്ച മുമ്പ് 14 ഡി.സി.സികളിൽനിന്ന് എത്തിച്ച ഭാരവാഹികളുടെ കരട് പട്ടിക കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെട്ടിച്ചുരുക്കി. ദിവസങ്ങൾ നീണ്ട ഈ പ്രക്രിയ തിങ്കളാഴ്ച ഉച്ചയോടെ പൂർത്തിയായതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും ചർച്ച ആരംഭിച്ചത്. ഏതെങ്കിലും ഗ്രൂപ്പിന് അമിതപ്രാതിനിധ്യം നൽകാതെ അർഹതപ്പെട്ടവർക്ക് പരിഗണന നൽകുംവിധമാണ് പട്ടിക തയാറാക്കിയതത്രെ. വെട്ടിച്ചുരുക്കിയ ഈ പട്ടികയിലും ഓരോ ജില്ലയിലേക്കും ആവശ്യമുള്ളതിെനക്കാൾ കൂടുതൽ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിനാൽ പ്രതിപക്ഷനേതാവുമായി നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷമാകും അന്തിമപട്ടിക തയാറാക്കുക. ചൊവ്വാഴ്ചയോടെ അതിന് സാധിക്കുകയും അവസാനഘട്ടം മറ്റ് അട്ടിമറികളൊന്നും സംഭവിക്കാതിരിക്കുകയും ചെയ്താൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ പുനഃസംഘടന സംബന്ധിച്ച പ്രഖ്യാപനം നടത്താൻ കഴിഞ്ഞേക്കും.
ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് നേതാക്കൾ അറിയിച്ച പുനഃസംഘടനയാണ് ഇപ്പോൾ ലക്ഷ്യത്തോടടുക്കുന്നത്. വൈകിയെങ്കിലും പരമാവധി തൃപ്തികരമായ പട്ടിക പുറത്തിറക്കി പൊട്ടിത്തെറി പരമാവധി ഒഴിവാക്കുകയെന്ന കഠിനശ്രമമാണ് നേതൃത്വം നടത്തുന്നത്.
പട്ടിക സംബന്ധിച്ച് ഗ്രൂപ് നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്റ് നേരേത്ത ചർച്ച നടത്തിയിരുന്നു. ഓരോ ജില്ലയിലും അവരുടെ താൽപര്യം മനസ്സിലാക്കാനായിരുന്നു ചർച്ച. അതിനുശേഷമാണ് ജില്ലകളിൽനിന്ന് എത്തിച്ച കരട് പട്ടികയിൽ വെട്ടിച്ചുരുക്കൽ ആരംഭിച്ചത്. അതിനിടെ, പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിൽ ഗ്രൂപ് യോഗം ചേർന്നെന്നും പരിശോധനക്ക് കെ.പി.സി.സി പ്രസിഡന്റ് ആളെ അയച്ചെന്നും വാർത്ത പരന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.