കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന് എം.പി മാധ്യമങ്ങളോട് പറഞ്ഞു. ഈ നിലപാട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ബി.ജെ.പി ഒരുക്കുന്ന ചതിക്കുഴിയില്‍ കോണ്‍ഗ്രസ് വീഴരുത്. ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇൻഡ്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ചാണ് തീരുമാനമെടുക്കുക. വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ സി.പി.എം എടുക്കുംപോലെ കോണ്‍ഗ്രസിന് നിലപാടെടുക്കാന്‍ കഴിയില്ല.
സി.പി.എം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നവരല്ല. കോണ്‍ഗ്രസ് അങ്ങനെയല്ല. എല്ലാ വിഭാഗക്കാരും കോണ്‍ഗ്രസിലുണ്ട്. അതിനാല്‍, ചാടിക്കയറി തീരുമാനമെടുക്കേണ്ട കാര്യമില്ല. ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് ഭരണകർത്താവായ പ്രധാനമന്ത്രിയല്ല. ട്രസ്റ്റികളോ തന്ത്രിമാരോ ആണ്. ശ്രീരാമന് ഭാര്യയെ സംരക്ഷിച്ചയാളും മോദി ജീവിച്ചിരിക്കുന്ന ഭാര്യയെ ഉപേക്ഷിച്ചയാളുമാണ്. മോദിക്ക് ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കണോ എന്ന കാര്യത്തിൽ നിലപാടെടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈക്കാര്യത്തിൽ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാൽ നിലപാട് അറിയിക്കുമെന്നും സുധാകരൻ വിശദീകരിച്ചു. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്ന കെ. മുരളീധരന്റെ അഭിപ്രായം എന്തടിസ്ഥാനത്തിലെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കണം. കോൺഗ്രസ് പങ്കെടുക്കരുതെന്ന സമസ്തയുടെ നിലപാട് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, സമസ്തക്ക് അവരുടെ നിലപാട് പറയാൻ അവകാശമുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്ന് മുൻ കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു.
ഇൻഡ്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനിക്കണം. കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.
കൊല്ലം: ബാബരി മസ്ജിദ് തകർത്തിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നും ക്ഷണം നിരാകരിക്കണമെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ, മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയും രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കരുത്. നെഹ്റുവിന്റെ നയങ്ങളിൽനിന്ന് കോൺഗ്രസിന് വ്യതിചലനമുണ്ടായിട്ടുണ്ട്. അത് കോൺഗ്രസിന് ഗുണം ചെയ്തില്ല. നെഹ്റുവും ഇന്ദിരയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചവരാണ്.
നെഹ്റുവിന്റെ സാമ്പത്തിക നയങ്ങളിലേക്ക് രാജ്യം മടങ്ങിപ്പോകണം. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തിനെതിരെ കോൺഗ്രസ് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.