കുഴല്‍നാടനെ വേട്ടയാടിയാല്‍ കോണ്‍ഗ്രസ് കൈയ്യും കെട്ടിനിൽക്കില്ല -കെ.സുധാകരന്‍ എം.പി

തിരുവനന്തപുരം: കോടികള്‍ കുമിഞ്ഞു കൂടുന്ന മുഖ്യമന്ത്രിയുടെ ഇടപാടുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ദിനംപ്രതി പുറത്തുവന്നിട്ടും അതിനോടൊന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചവരെ വേട്ടയാടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകളും സാമ്പത്തിക തിരിമറികളും മാത്യുകുഴല്‍ നാടന്‍ എം.എൽ.എ കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയതിന്റെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് സി.പി.എമ്മും ആഭ്യന്തര വകുപ്പും. സി.പി.എം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്കിയെന്നു മാത്രമല്ല, തന്റെ വരുമാനവും സ്വത്തുക്കളും ജനങ്ങളുടെ മുന്നില്‍ പരിശോധിക്കാമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളതുമാണ്. എന്നിട്ടും മാത്യുവിനെ വ്യക്തിഹത്യ നടത്തിയും കേസെടുത്തും ഇല്ലായ്മ ചെയ്യാമെന്ന് സി.പി.എം കരുതുന്നെങ്കില്‍ മാത്യു കുഴല്‍നാടന്‍ ഒറ്റക്കല്ലെന്ന യാഥാര്‍ത്ഥ്യം സിപിഎം തിരിച്ചറിയണം. അദ്ദേഹത്തെ വേട്ടയാടാന്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും സി.പി.എമ്മും ഇറങ്ങിത്തിരിച്ചാല്‍ അതേ നാണയത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തും പ്രതിഷേധാഗ്നിയുടെ ചൂടും സിപിമ്മും സര്‍ക്കാറും അറിയാന്‍ പോകുന്നതേയുള്ളുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ ഇത്തരമൊരു പരിശോധനയ്ക്ക് വിധേയമാക്കാമോയെന്ന മാത്യു കുഴല്‍നാടന്റെ വെല്ലുവിളി ഉയര്‍ന്നത് കാണാന്‍ മുഖ്യമന്ത്രിക്ക് കണ്ണുകളില്ല. കേള്‍ക്കാന്‍ ചെവികളില്ല. ആരോപണം ഉന്നയിക്കുന്നവരെ വേട്ടയാടാന്‍ മുഖ്യമന്ത്രി അങ്ങേയറ്റം ഉത്സാഹഭരിതനുമാണ്. മോദിയെപ്പോലെ പിണറായി വിജയനും ചോദ്യങ്ങളെ ഭയമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം പോലെ രണ്ടുപേരുടെയും സ്വഭാവത്തിലും പ്രവര്‍ത്തിയിലും നിരവധി സാമ്യതകളുണ്ടെന്നും സുധാകരൻ പറഞ്ഞു.

രാജ്യത്തെ പ്രമുഖരായ പ്രതിപക്ഷനേതാക്കളെയെല്ലാം കേന്ദ്രഏജന്‍സികള്‍ വേട്ടയാടിയിട്ടും പിണറായിക്കെതിരേ പെറ്റിക്കേസ് പോലും ഇതുവരെ എടുത്തിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ മാത്രം നിരത്തി എഴുതിയാല്‍ ഒരു നോട്ട് ബുക്ക് തികയാതെ വരും. നാണം കെട്ടും അധികാരത്തില്‍ കടിച്ച് തൂങ്ങാതെ രാജിവെച്ചു പോകാനുള്ള തന്റേടവും നട്ടെല്ലും മുഖ്യമന്ത്രിക്കുണ്ടോയെന്നു സുധാകരന്‍ ചോദിച്ചു.

Tags:    
News Summary - Congress will not allow Mathew Kuzhalnad to be hunted - K. Sudhakaran MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.