വോ​ട്ടെ​ടു​പ്പി​നി​ടെ ഭീ​ഷ​ണി: കള്ളപ്രചാരണത്തിനു പിന്നിൽ ഗൂഢലക്ഷ്യം –കെ. കുഞ്ഞിരാമൻ എം.എൽ.എ

കാസർകോട്‌: വോട്ടെടുപ്പിനിടെ ഭീഷണിപ്പെടുത്തിയെന്ന പ്രിസൈഡിങ് ഓഫിസറായിരുന്ന ഡോ. കെ.എം. ശ്രീകുമാറി​‍െൻറ പ്രചാരണം കള്ളമാണെന്ന്‌ കെ. കുഞ്ഞിരാമൻ എം.എൽ.എ. ജില്ല വരണാധികാരിക്ക്‌ പരാതി നൽകാത്ത ഇദ്ദേഹം ഇപ്പോൾ സമൂഹമാധ്യമം വഴി കള്ളപ്രചാരണം നടത്തുന്നത്‌ ബാഹ്യശക്തികളുടെ പിന്തുണയോടെയാണ്‌. വോട്ടെടുപ്പ്‌ കഴിഞ്ഞ്‌ ഇത്ര ദിവസമായിട്ടും പരാതിപ്പെടാതിരുന്ന ഇദ്ദേഹത്തി​‍െൻറ കള്ളപ്രചാരണത്തിനു പിന്നിൽ പ്രത്യേക അജണ്ടയുണ്ട്‌.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപിന്തുണ നഷ്​ടമായ യു.ഡി.എഫ്‌ ഇത് ഏറ്റുപിടിക്കുന്നതിൽ കാര്യം വ്യക്തമാണ്‌. പള്ളിക്കര പഞ്ചായത്തിലെ ചെർക്കപ്പാറ സ്‌കൂളിൽ പന്ത്രണ്ടാം വാർഡിലെ ബൂത്തിൽ വോട്ട്‌ ചെയ്‌ത്‌ മടങ്ങുമ്പോഴാണ്‌ തൊട്ടടുത്തുള്ള ബൂത്തിലെ വരാന്തയിൽ ബഹളം കേട്ടത്‌. പ്രിസൈഡിങ് ഓഫിസറും വോട്ടർമാരും തമ്മിൽ തർക്കിക്കുന്നത്‌ കണ്ടു. സംസാരശേഷിയില്ലാത്ത വോട്ടറെ കള്ളവോട്ടാണെന്നു പറഞ്ഞ്‌ വിലക്കിയതും ആക്ഷേപിച്ചതുമാണ്‌ തർക്കത്തിന്‌ തുടക്കമിട്ടത്‌.

വരാന്തയിൽ വരിനിൽക്കുകയായിരുന്ന വോട്ടർമാരെ കള്ളവോട്ട്‌ ചെയ്യാനെത്തിയവരാണെന്ന്​ ആക്ഷേപിച്ച്‌ ഇയാൾ തിരിച്ചറിയൽ കാർഡ്‌ പരിശോധിക്കാൻ തുടങ്ങി. ബൂത്തിനകത്തുള്ള മൂന്നു പോളിങ് ഓഫിസർമാർ തിരിച്ചറിയൽ കാർഡ്‌ പരിശോധിച്ചാണ്‌ വോട്ട്‌ ചെയ്യാൻ അനുവദിക്കുന്നത്‌. അവർക്കും ഇതര പാർട്ടി ഏജൻറുമാർക്കും പരാതിയില്ലെന്നിരിക്കെ വോട്ടെടുപ്പ്‌ സമാധാനപരമായി നടത്താൻ ചുമതലപ്പെട്ട പ്രിസൈഡിങ് ഓഫിസർ വോട്ടർമാരെ ആക്ഷേപിക്കാനും ബഹളമുണ്ടാക്കാനും ശ്രമിക്കുന്നത്‌ ശരിയല്ലെന്നും താങ്കൾ ബൂത്തിനകത്ത്‌ ഇരിക്കണമെന്നും ശ്രീകുമാറോട്‌ അഭ്യർഥിച്ചു.

ധിക്കാരത്തോടെ പെരുമാറിയ ഉദ്യോഗസ്ഥൻ അതിന്‌ തയാറായില്ല. സംഭവം കലക്ടറെ വിളിച്ച്‌ അറിയിച്ച്‌ സ്ഥലത്തുനിന്ന്‌ മടങ്ങി. ഇയാൾ ആക്ഷേപിച്ച ആരും കള്ളവോട്ട്‌ ചെയ്‌തുവെന്ന്‌ തെളിയിക്കാനും സാധിച്ചില്ല. കള്ളവോട്ട്‌ നടന്നുവെന്ന്‌ തെളിഞ്ഞാൽ തെരഞ്ഞെടുപ്പ്‌ നിർത്തിവെക്കുകയോ ജില്ല വരണാധികാരിയായ കലക്ടറോട്‌ പരാതിപ്പെടുകയോ ചെയ്യാമായിരുന്നു. അങ്ങനെയൊന്നും ഉണ്ടായില്ല. സമൂഹ മാധ്യമങ്ങളിൽ കള്ളപ്രചാരണം നടത്തുന്ന ഇദ്ദേഹം നൂറുകണക്കിന്‌ കുടുംബങ്ങളെ ദുരിതത്തിലാക്കിയ എൻഡോസൾഫാൻ കീടനാശിനിയെ അനുകൂലിക്കുന്നയാളാണ്‌. ഇത്തരത്തിൽ ജനവിരുദ്ധനായ ഒരാൾ സർക്കാർ സർവിസിലിരുന്ന്‌ ജനപ്രതിനിധികളെ അപമാനിക്കുന്നത്‌ തെറ്റാണ്‌. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും പരാതി നൽകും. മലബാറിൽ എൽ.ഡി.എഫ്‌ ജയിക്കുന്നത്‌ കള്ളവോട്ട്‌ ചെയ്‌താണെന്ന്‌ കള്ളം പ്രചരിപ്പിക്കുന്ന ഇയാൾ ആരുടെ കുഴലൂത്തുകാരനാണെന്ന്‌ വ്യക്തമാണ്‌ -എം.എൽ.എ പറഞ്ഞു.

ആരോപണം അടിസ്ഥാനരഹിതമെന്ന് സി.പി.എം

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ഒരു ബൂത്തിലെ അനുഭവം എന്ന പേരിൽ പടന്നക്കാട് കാർഷിക കോളജിലെ പ്രഫസർ ഡോ. കെ.എം. ശ്രീകുമാർ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്​ഥാനരഹിതമാണെന്ന് സി.പി.എം കാസർകോട്​ ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. സ്ഥലം എം.എൽ.എയുടെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറി​‍െൻറയും എൽ.ഡി.എഫ്​ ബൂത്ത് ഏജൻറുമാരുടെയും പേരെടുത്തു പറഞ്ഞ്​ അദ്ദേഹം നടത്തിയ പ്രസ്​താവനകൾ അസത്യജടിലമാണ്. സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം ആദ്യം നൽകിയ പോസ്​റ്റിൽ ഇവരുടെ പേര് പരാമർശിച്ചിരുന്നു. പിന്നീട് അദ്ദേഹംതന്നെ പേരുകൾ നീക്കംചെയ്തതായും കാണുന്നു. അനുഭവ വിവരണം എന്ന പേരിൽ താൻ വിശദീകരിച്ച കാര്യങ്ങളിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നില്ല എന്നാണ് ഈ നടപടികളിൽനിന്ന്​ വ്യക്തമാകുന്നത്. ജനപ്രതിനിധികൾക്കെതിരെയും സി.പി.എം എന്ന ബഹുജന പ്രസ്ഥാനത്തിനു നേരെയും ഉന്നയിച്ച പൊയ്​വെടികൾ പിൻവലിക്കാൻ അദ്ദേഹം തയാറാകണമെന്നും സി.പി.എം ആവശ്യപ്പെട്ടു

Tags:    
News Summary - conspiracy behind the false propaganda -k kunhiraman mla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.