തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മുൻ മന്ത്രി കെ.ടി. ജലീൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിൽ സാക്ഷിയായ സരിത എസ്. നായരുടെ രഹസ്യമൊഴി 23ന് കോടതി രേഖപ്പെടുത്തും.
അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് എസ്.പി. മധുസൂദനനാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ സ്വീകരിച്ച കോടതി കേസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അനീസക്ക് അപേക്ഷ കൈമാറുകയായിരുന്നു.നിശ്ചയിച്ച തീയതി മാറ്റി വേഗം മൊഴി രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു.
സ്വപ്‌ന സുരേഷ്, മുൻ എം.എൽ.എ പി.സി. ജോർജ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രത്യേക അന്വേഷണസംഘം നേരത്തേ സരിതയുടെ മൊഴിയെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ പി.സി. ജോർജ് പ്രേരിപ്പിച്ചെന്നാണു സരിതയുടെ മൊഴി. ഗെസ്റ്റ്ഹൗസ്, ഈരാറ്റുപേട്ടയിലെ വസതി എന്നിവിടങ്ങളിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പുറമെ, ഫോണിൽ സംസാരിച്ചിരുന്നെന്നും മൊഴിയിലുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നിൽ ഗൂഢാലോചനയാണെന്നും പി.സി. ജോർജ്, ക്രൈം നന്ദകുമാർ എന്നിവരാണ് ഇതിനു പിന്നിലെന്നും സരിത ആരോപിച്ചിരുന്നു.
സരിതയിൽ സ്വാധീനം ചെലുത്തി മൊഴി മാറ്റാൻ സാഹചര്യമുള്ളതിനാലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. മുഖ്യമന്ത്രിക്കുവേണ്ടി ഒത്തുതീർപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരൺ, ഇബ്രാഹിം എന്നിവരുടെ മൊഴി രേഖപ്പെടുത്താൻ ബുധനാഴ്ച ഹാജരാകാനും പ്രത്യേക സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. കൊച്ചി ക്രൈംബ്രാഞ്ച് ഓഫിസിലാകും ചോദ്യംചെയ്യൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.