കോഴിക്കോട് : നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എൻ.ഒ.സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) വേണമെന്ന നിബന്ധനയിൽനിന്ന് ആനവിലാസം വില്ലേജിനെ ഒഴിവാക്കി റവന്യൂ വകുപ്പിന്റെ ഉത്തരവ്. ഇടുക്കി കലക്ടറും ലാൻഡ് റവന്യൂ കമീഷണറും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എൻ.ഒ.സി വേണമെന്ന നിബന്ധനയിൽ നിന്നും ആനവിലാസം വില്ലേജിനെ ഒഴിവാക്കി ഉത്തരവിറക്കിയത്.
ഇടുക്കി ജില്ലയിലെ മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിൽ അനധികൃതമായി ഭൂമി കൈയേറിയുള്ള നിർമാണ പ്രവർത്തനങ്ങൾ തടയണമെന്നവാശ്യപ്പെട്ട് 'വൺ എർത്ത് വൺ ലൈഫ്' എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിൽ മൂന്നാർ മേഖലയിൽ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള ഭൂമി കൈയേറ്റം നടത്തി അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടി. മൂന്നാർ മേഖലയിൽ റവന്യൂ വകുപ്പിന്റെ എൻ.ഒ.സിയും പഞ്ചായത്തിന്റെ അനുമതിയും ഇല്ലാതെയും യാതൊരു വിധ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നില്ലായെന്ന് റവന്യൂ, തദേസ ഭരണ, പൊലീസ് വനം വകുപ്പുകളുടെ മേധാവികൾ ഉറപ്പുവരുത്തേണ്ടതാണെന്നും കോടതി നിർദേശിച്ചു.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ മൂന്നാർ മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യ വകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാക്കിയും സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള മാണ്ഡങ്ങൾ നിശ്ചയിച്ചും ഇടുക്കി കലക്ടർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ചിന്നക്കനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി എന്നീ വില്ലേജുകളിലും കണ്ണൻ ദേവൻ ഹിൽസ് വില്ലേജിനെ വിഭജിച്ച് രൂപീകരിച്ച മൂന്നാർ വില്ലേജിലുമാണ് നിർമാണവപ്രവർത്തനങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഏർപ്പെടുത്തിയത്.
തുടർന്ന് ഉടുമ്പൻചേല താലൂക്കിലെ ആനവിലാസം വില്ലേജിനെ സംബന്ധിച്ച് ഇടുക്കി കലക്ടർ പരിശോധന നടത്തി 2021 സെപ്തംബർ 19 റിപ്പോർട്ട് നൽകി. ആനവിലാസം വില്ലേജ് മൂന്നാറിൽ നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്നതും ഭൂമിശാസ്ത്രപരമായും കാലാവസ്ഥയിലും മൂന്നാർ മേഖലയിൽനിന്ന് ഏറെ വ്യത്യസ്തവുമാണെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി. പ്രദേശത്ത് വ്യാപകമായി ഏലം കൃഷിയുണ്ടെന്നും ജനങ്ങളുടെ മുഖ്യ ജീവനോപാധി കാർഷികവൃത്തിയാണെന്നും റിപ്പോർട്ട് ചെയ്തു.
ആനവിലാസം ടൂറിസം മേഖലയുമായി കാര്യമായ ബന്ധമില്ലാത്ത കാർഷിക മേഖലയാണ്. അതുപോലെ മൂന്നാർ പ്രദേശത്ത് പൊതുവേയുള്ള ഭൂമി കൈയേറ്റങ്ങളോ വൻകിട നിർമാണ പ്രവർത്തനങ്ങളോ ഹോട്ടൽ റിസോർട്ട് നിർമാണങ്ങളോ ആനവിലാസം വില്ലേജിൽ നടക്കുന്നില്ലായെന്നും കലക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ കാരണങ്ങളാൽ നിർമാണങ്ങൾ നടത്തുന്നതിന് എൻ.ഒ.സി വേണമെന്ന നിബന്ധനയിൽ ആനവിലാസം വില്ലേജിനെ ഒഴിവാക്കാമെന്ന് ലാൻഡ് റവന്യൂ കമീഷണറും 2022 ഡിസംബർ 10ന് ശുപാർശ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.