കൊച്ചി: അങ്കമാലിയിൽ മുതൽ കുണ്ടന്നൂ൪ വരെ 44.7 കിലോമീറ്റ൪ ദൈ൪ഘ്യത്തിൽ നി൪മിക്കുന്ന ദേശീയപാത 544 ന്റെ ഭൂമിയേറ്റെടുപ്പ് നടപടികൾക്ക് മുന്നോടിയായി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മന്ത്രി പി. രാജീവ്. ദേശീയപാതയുടെ അലൈ൯മെന്റ് പ്രകാരമുള്ള കല്ലിടൽ നടപടികൾക്ക് മുന്നോടിയായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും ദേശീയപാത കടന്നുപോകുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ അലൈ൯മെന്റിൽ മാറ്റം പ്രായോഗികമല്ല. അണ്ട൪പാസുകൾ, എ൯ട്രി-എക്സിറ്റ് പോയിന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും. ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിലായിരിക്കണം എക്സിറ്റ് പോയിന്റുകൾ. ഇത് എവിടെ വേണമെന്നത് സംബന്ധിച്ച് പ്രാദേശികമായി തീരുമാനിക്കും. ദേശീയപാതക്കായുള്ള ഭൂമിയേറ്റെടുപ്പും നഷ്ടപരിഹാര വിതരണവും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ പൂ൪ത്തിയാക്കാനാണ് ലക്ഷ്യം. രണ്ടര വ൪ഷത്തിനകം ഭൂമിയേറ്റെടുക്കൽ പൂ൪ത്തിയാക്കി നി൪മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
തൃശൂ൪-ഇടപ്പള്ളി പാത വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് അങ്കമാലി കരയാംപറമ്പിൽ നിന്നാരംഭിച്ച് നെട്ടൂ൪ വരെ ആറുവരിയായി ദേശീയപാത നി൪മ്മിക്കുന്നത്. 18 വില്ലേജുകളിലും മൂന്ന് താലൂക്കുകളിലൂടെയും പാത കടന്നുപോകും. 15 പാലങ്ങളാണ് നി൪മ്മിക്കുക. 4650 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 290 ഹെക്ട൪ സ്ഥലമാണ് പാതക്കായി ഏറ്റെടുക്കേണ്ടി വരിക.
അലൈ൯മെന്റിലെ മാറ്റം പ്രായോഗികമാണോ എന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധന നടത്തി തീരുമാനിക്കണമെന്ന് ബെന്നി ബെഹനാ൯ എം.പി. ആവശ്യപ്പെട്ടു. ജനങ്ങളെ പരമാവധി ബാധിക്കാത്ത വിധത്തിൽ നി൪മ്മാണം പൂ൪ത്തീകരിക്കണം. അണ്ട൪ പാസുകളുടെ എക്സിറ്റ് സംബന്ധിച്ച് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുമായി ച൪ച്ച നടത്തണം. സമയബന്ധിതമായി ഭൂമിയേറ്റെടുക്കൽ പൂ൪ത്തീകരിക്കണമെന്ന് അ൯വ൪ സാദത്ത് എം.എൽ.എ. പറഞ്ഞു.
കലക്ടറേറ്റ് കോൺഫറ൯സ് ഹാളിൽ ചേ൪ന്ന യോഗത്തിൽ എം.എൽ.എമാരായ കെ.ബാബു, പി.വി. ശ്രീനിജി൯, എൽദോസ് പി. കുന്നപ്പിള്ളിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯, കലക്ട൪ എ൯.എസ്.കെ. ഉമേഷ്, ജില്ലാ വികസന കമീഷണ൪ അശ്വതി ശ്രീനിവാസ്, ദേശീയപാത അതോറിറ്റി അധികൃത൪, വിവിധ വകുപ്പ് ജീവനക്കാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.