തൃശൂർ: കേന്ദ്ര സർക്കാർ നേട്ടങ്ങൾ വിശദീകരിച്ച് ബി.ജെ.പി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടി ‘ഉദ്ഘാടന’ത്തിലൂടെ എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡൻറുമായ വൈശാഖൻ വിവാദത്തിൽ. രണ്ടാം നരേന്ദ്രമോദി സർക്കാറിെൻറ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനമാണ് വിവാദമായത്.
നേട്ടങ്ങൾ വിശദീകരിച്ച ബി.ജെ.പി ലഘുലേഖയും പ്രധാനമന്ത്രിയുടെ കത്തും വൈശാഖന്, ബി. ഗോപാലകൃഷ്ണൻ കൈമാറുകയായിരുന്നു. ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനൊപ്പം ബി.ജെ.പി ഗൃഹസമ്പർക്ക പരിപാടി ലഘുലേഖയും കത്തും വൈശാഖന് കൈമാറി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തെന്ന വാർത്തയും നൽകി. മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് വിവാദമായത്.
പുരോഗമന കലാസാഹിത്യ സംഘം മുൻ പ്രസിഡൻറ് കൂടിയായ വൈശാഖൻ ബി.ജെ.പി ഗൃഹസമ്പർക്കം ഉദ്ഘാടനം ചെയ്തത് പു.ക.സയിലും പാർട്ടിയിലും ചർച്ചയായി. കോൺഗ്രസും ആഘോഷമാക്കി. വൈശാഖനെ വിമർശിച്ച് എഴുത്തുകാരും രംഗത്തെത്തി.
എഴുത്തുകാർ ഭീഷണി നേരിടുന്ന കാലത്ത്, ഭയപ്പെടുത്തുന്നവരിൽനിന്ന് തന്നെ ലഘുലേഖ സ്വീകരിച്ച് ഉദ്ഘാടനത്തിെൻറ ഭാഗമായത് പ്രതിഷേധാർഹമാണെന്ന് നിരൂപകനും സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡൻറുമായ ബാലചന്ദ്രൻ വടക്കേടത്ത് പ്രതികരിച്ചു. കോവിഡുകാല ബോധവത്കരണവുമായി പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ല കമ്മിറ്റി പുറത്തിറക്കിയ ‘തീണ്ടാപ്പാടകലെ’ ഹ്രസ്വചിത്രം വിവാദത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആർ.എസ്.എസ് പരിപാടിയിൽ കൊട്ടാരക്കര എം.എൽ.എ െഎഷാപോറ്റി പെങ്കടുത്തതും വിവാദമായിരുന്നു.
കാണിച്ചത് മര്യാദയില്ലായ്മ –വൈശാഖൻ
തൃശൂർ: കേന്ദ്രസർക്കാർ വാർഷികത്തോടനുബന്ധിച്ച് വീടുകളിൽ പ്രധാനമന്ത്രിയുടെ കത്ത് എത്തിക്കുന്നതിെൻറ ഭാഗമായെന്ന് അറിയിച്ച് നൽകിയ കുറിപ്പ് സ്വീകരിച്ചത് മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് വൈശാഖൻ. തന്നെ കബളിപ്പിക്കുകയായിരുന്നു. രാഷ്ട്രീയ മര്യാദയില്ലാത്തവരാണ് ബി.ജെ.പി-സംഘ്പരിവാറെന്ന് അറിയാം. ഇത് മര്യാദയില്ലായ്മയാണ്.
താൻ ആരാണെന്നും രാഷ്ട്രീയവും നിലപാടും എന്താണെന്നും അറിയാത്തവരല്ല അവർ. രാഷ്ട്രീയ അജണ്ടയിൽ കരുവാക്കുകയായിരുന്നു. വീട്ടിൽ വന്നവർ പറഞ്ഞത് പ്രധാനമന്ത്രിയുടെ കത്ത് വീടുകളിൽ എത്തിക്കുകയാണെന്നാണ്. അതിനാൽ അതുവാങ്ങി. ഉദ്ഘാടനമാണെന്ന് പത്രത്തിലൂടെയാണ് അറിഞ്ഞത്. വന്നവർ ആരും പറഞ്ഞിട്ടില്ല.
പറഞ്ഞിരുന്നെങ്കിൽ മടക്കുമായിരുന്നു. രാഷ്ട്രീയത്തിലായാലും വ്യക്തിജീവിതത്തിലായാലും പാലിക്കേണ്ട മര്യാദകളുണ്ട്. അത് ഇല്ലാത്തവരാണ് ബി.ജെ.പി-സംഘ്പരിവാറെന്ന് കൂടുതൽ ബോധ്യപ്പെടുത്തിയതായും വൈശാഖൻ പറഞ്ഞു. ജനസമ്മതിയുള്ളവരെ അപമാനിക്കുന്ന പ്രവണതയാണിതെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.