സാധാരണക്കാരന്‍റെ നടുവൊടിച്ച് പാചകവാതക വില കുത്തനെ വർധിപ്പിച്ചു

ന്യൂഡൽഹി: ജനങ്ങളെ എരിതീയിലേക്ക് എറിഞ്ഞ് ഗാർഹിക പാചകവാതക വില കേന്ദ്രം കുത്തനെ കൂട്ടി. സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് ബുധനാഴ്ച വർധന വരുത്തിയത്. ഗാർഹിക പാചകവാതക സിലിണ്ടറിന്റെ കൊച്ചിയിലെ വില 1060ൽനിന്ന് 1110 രൂപയാകും. എട്ടുമാസത്തിനു ശേഷമാണ് പൊതുമേഖല എണ്ണക്കമ്പനികൾ പാചകവാതക വില കൂട്ടുന്നത്. വില വർധനവിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.

അതേസമയം, ഹോട്ടലുകളിലും മറ്റും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് 350.5 രൂപ വർധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാമുള്ള സിലിണ്ടറിന് ഡൽഹിയിൽ 2,119.5 രൂപയാകും. വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 2124 രൂപയായി. 1774 രൂപയായിരുന്നു ഇതുവരെ വില. വാണിജ്യ പാചകവാതകത്തിന് ജനുവരിയിൽ 25 രൂപ വർധിപ്പിച്ചിരുന്നു.

14.2 കിലോഗ്രാമുള്ള സബ്സിഡിയില്ലാത്ത ഗാർഹിക പാചകവാതക സിലിണ്ടറിന് ഡൽഹിയിൽ 1,103 രൂപയാകും. നേരത്തേ ഇത് 1,053 രൂപയായിരുന്നു. പ്രധാൻമന്ത്രി ഉജ്ജ്വല യോജന പദ്ധതിപ്രകാരം സൗജന്യ പാചകവാതക കണക്ഷൻ ലഭിച്ച ദരിദ്രരായ 9.58 കോടി പേർക്ക് മാത്രമാണ് സർക്കാറിന്റെ 200 രൂപ സബ്സിഡി ലഭിക്കുക. 2022 ജൂലൈ നാലിനാണ് അവസാനമായി പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചത്. സിലിണ്ടറിന് മുംബൈയിൽ 1,102.50 രൂപ, കൊൽക്കത്തയിൽ 1,129 രൂപ, ചെന്നൈയിൽ 1,118.50 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. പ്രാദേശികമായി ചുമത്തുന്ന നികുതിയിൽ മാറ്റമുള്ളതിനാൽ വിവിധ സംസ്ഥാനങ്ങളിൽ വിലയിൽ വ്യത്യാസമുണ്ടാകും. എണ്ണയുടെ രാജ്യാന്തര വിലയെ അടിസ്ഥാനമാക്കി വിമാന ഇന്ധനവില നാലുശതമാനം കുറച്ചിട്ടുണ്ട്.

പാചകവാതകത്തിന് വില കൂട്ടിയതിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. മോദി സർക്കാറിന് കീഴിൽ സാധാരണക്കാരാണ് പണപ്പെരുപ്പത്തിന്റെ യാതന അനുഭവിക്കേണ്ടി വരുന്നതെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. വിലവർധന മോദി സർക്കാറിന്റെ ഹോളി സമ്മാനമാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി പരിഹസിച്ചു.

Tags:    
News Summary - Cooking gas prices have increased sharply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.