പന്തളം: പന്തളം നഗരസഭയിലെ ശബരിമല തീർഥാടന ഫണ്ടിൽ അഴിമതി ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ വിജിലൻസിന് പരാതി നൽകി. നഗരസഭയിൽ 2022-23 വർഷം സർക്കാർ അനുവദിച്ച ശബരിമല തീർഥാടന ഫണ്ട് വിനിയോഗം സംബന്ധിച്ചാണ് ആരോപണം. തീർഥാടനത്തിന് 2020-21, 2021-22ൽ സർക്കാർ അനുവദിച്ച ഫണ്ട് ചെലവഴിച്ചിട്ടില്ല. ദേവസ്വം ബോർഡുവക കെട്ടിടം വാടകക്ക് എടുത്താണ് തീർഥാടന സൗകര്യം ഒരുക്കിയത്.
കെട്ടിടത്തോട് ചേർന്ന സ്ഥലത്ത് പാർക്കിങ്ങിന് മണ്ണിടുന്ന വിവരം കൗൺസിലിൽ യു.ഡി.എഫ് ഉന്നയിക്കുകയും ദേവസ്വം ബോർഡുവക സ്ഥലത്ത് മുനിസിപ്പൽ ഫണ്ടോ ശബരിമല തീർഥാടന ഫണ്ടോ ചെലവഴിക്കാൻ കഴിയില്ലെന്ന് ചട്ടം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ, മുനിസിപ്പാലിറ്റിക്ക് ഒരു നയാപൈസയുടെ ചെലവില്ലെന്നും കെ.എസ്.ടി.പിയുടെ മണ്ണാണ് ഇടുന്നതെന്നുമാണ് സെക്രട്ടറിയും ചെയർപേഴ്സനും കൗൺസിലിന് ഉറപ്പുനൽകിയത്.
ഏപ്രിൽ 24ന് കൂടിയ കൗൺസിൽ യോഗത്തിൽ ശബരിമല ഉപസമിതിയുടെ തീരുമാനപ്രകാരം അവിടെ വീടുകൾ പൊളിച്ചതിന്റെ 79 ലോഡ് മാലിന്യവും 75 ലോഡ് പുതിയ മണ്ണും അടിച്ചതിന് 4.38 ലക്ഷം അനുവദിക്കണമെന്ന് ചെയർപേഴ്സൻ കൗൺസിലിനോട് ആവശ്യപ്പെട്ടു. നിയമപരമായ ഒരു നടപടിയും സ്വീകരിക്കാതെയാണ് മണ്ണടിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. മണ്ണിടുന്നതിന് ലെവൽ എടുക്കകയോ ടെൻഡർ വിളിക്കുകയോ ചെയ്തില്ല. തീർഥാടന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് ദേവസ്വം ബോർഡ് സ്ഥലത്ത് ശൗചാലയം നിർമിക്കാൻ ശിലാസ്ഥാപനം നടത്തിയതും ചട്ടവിരുദ്ധമാണ്.
സാധനങ്ങൾ വാങ്ങുകയും അവ മാറ്റിത്തരാതെ പണം കൊടുക്കേണ്ടെന്ന കൗൺസിൽ തീരുമാനം മറികടന്ന് ആദ്യഗഡുവായി 13 ലക്ഷം രൂപ കരാറുകാരന് ചെയർപേഴ്സന്റെ നിർദേശപ്രകാരം നൽകി. ബാക്കി ഏഴു ലക്ഷം രൂപയുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയിൽ നിലനിൽക്കുകയാണ്. മുമ്പ് വിജിലൻസ് കണ്ടെത്തിയ ആടുവിതരണം ഉൾപ്പെടെ പന്തളം നഗരസഭയുടെ ചെറുതും വലുതുമായ എല്ലാ പദ്ധതികളിലും അഴിമതിയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.
സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാരായ കെ.ആർ. വിജയകുമാറും പന്തളം മഹേഷും പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പിക്ക് പരാതി നൽകി. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത് മുനിസിപ്പാലിറ്റിയുടെ കടമയാണ്. അവ നിയമവും ചട്ടവും പാലിച്ചുനിർവഹിക്കാൻ അധികാരികൾ തയാറാകണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.