മലപ്പുറം: സംസ്ഥാനത്ത് കടുവകളുടെ കണക്കെടുപ്പ് അവസാന ഘട്ടത്തിൽ. ഏപ്രിൽ രണ്ടാം വാരത്തിൽ തുടങ്ങിയ കണക്കെടുപ്പാണ് പുരോഗമിക്കുന്നത്. കണ്ണൂർ ഫോറസ്റ്റ് ഡിവിഷന്റെ ഒരുഭാഗം, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ, വയനാട് നോർത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകളുടെ ഭാഗങ്ങൾ, വയനാട് വന്യജീവി സങ്കേതം എന്നിവ ഉൾപ്പെടുന്ന വയനാട് ലാൻഡ് സ്കേപ്പിലാണ് കണക്കെടുപ്പ് നടത്തുന്നത്.
കടുവകളുടെ എണ്ണം കൃത്യമായി കണക്കാക്കുന്നതിന് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരം ‘ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷന്റെ’ ഭാഗമായി 2018ലും 2022ലുമായി 312 സ്ഥലങ്ങളിൽ കാമറ ട്രാപ്പുകൾ വിന്യസിച്ചിട്ടുണ്ട്. കേരളത്തിൽ കടുവകളുടെ സെൻസസ് അവസാനമായി നടന്നത് 2018ലാണ്. അന്ന് 190 കടുവകൾ കേരള വനപരിധിയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു.
2022ൽ കടുവകളുടെ കണക്കെടുപ്പ് നടത്തിയിരുന്നെങ്കിലും റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നില്ല. കടുവകളുടെ എണ്ണത്തിൽ വർധനക്ക് സാധ്യതയുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, കർണാടക വനമേഖലയിലുള്ള കടുവകൾ അതിർത്തി കടന്ന് പലപ്പോഴായി കേരള വനമേഖലയിൽ എത്തുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കൃത്യമായ പരിശോധനക്ക് ശേഷം മാത്രമേ കേരളത്തിലുള്ള കടുവകളുടെ യഥാർഥ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
അഞ്ചു വർഷത്തിനു ശേഷം സംസ്ഥാന വനംവകുപ്പ് ആനകളുടെ ശാസ്ത്രീയ കണക്കെടുപ്പിനും ഒരുങ്ങുകയാണ്. ഇതിനുള്ള പരിശീലനങ്ങൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കാട്ടാനകളുടെ എണ്ണം കണക്കാക്കാനുള്ള ഫീൽഡ്തല പരിശോധന മേയ് 17 മുതൽ 19 വരെ നടക്കും. മൂന്നു ദിവസത്തെ ഫീൽഡ് പരിശോധനയിൽ ഓരോ സാമ്പ്ൾ ബ്ലോക്കിനുള്ളിലെയും ആനപ്പിണ്ടങ്ങളുടെ എണ്ണവും മനുഷ്യ -വന്യജീവി ഇടപെടലുമായി ബന്ധപ്പെട്ട വിവരങ്ങളും ജലലഭ്യത, കൃഷിരീതി മുതലായവ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.
ആനകളുടെ ആവാസവ്യവസ്ഥ മാറ്റത്തെക്കുറിച്ചുള്ള വിവരശേഖരണവും ഈ കാലയളവിൽ നടത്തും. 2017ൽ നടന്ന സെൻസസ് പ്രകാരം കേരളത്തിൽ 5706 ആനകളുണ്ട്. കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി, പുള്ളിമാൻ എന്നിവയുടെ സെൻസസ് അവസാനമായി എടുത്തത് 2011ലാണ്. കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 17,860 കാട്ടുപോത്തും 32,148 മ്ലാവുകളും 48,034 കാട്ടുപന്നികളും 11,398 പുള്ളിമാനുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.