visa fraud

വിനീഷ്, ഭാര്യ ലീനു 

വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി മുങ്ങിയ ദമ്പതികൾ അറസ്റ്റിൽ

അഞ്ചൽ: വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി അരക്കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ദമ്പതികളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, കാഞ്ചോട് കലഞ്ഞൂർ ഷനാസ് പാർക്കിൽ വിനീഷ് (32), ഭാര്യ മൂവാറ്റുപുഴ കല്ലൂർകാട് പാറേക്കുടിയിൽ മെർലിൻ എന്ന പി.ജെ. ലീനു (31 ) എന്നിവരാണ് അറസ്റ്റിലായത്.

2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചൽ സഹകരണ ബാങ്കിന് എതിർവരം ഏദൻസ് പാർക്ക് ഗ്ലോബൽ എന്ന പേരിൽ സ്ഥാപനം തുടങ്ങിയ ശേഷം സാമൂഹ്യമാധ്യമങ്ങൾ വഴിയും മറ്റും വ്യാപകമായ പ്രചാരണം കൊടുത്താണ് തൊഴിലന്വേഷകരെ ആകർഷിച്ചിരുന്നത്. 11 ജീവനക്കാരെയും ഇവിടെ നിയമിച്ചിരുന്നു. ഇവരുടെ വാഗ്ദാനങ്ങളിൽ വീണ 64 പേർക്കാണ് പണം നഷ്ടപ്പെട്ടത്.

ചിലരെയൊക്കെ ആദ്യം വിദേശ രാജ്യങ്ങളിലേക്ക് ഇവർ അയച്ചിരുന്നു. എന്നാൽ വിദേശത്തെത്തിയവർക്കാർക്കും ഇവർ പറഞ്ഞ പ്രകാരമുള്ള തൊഴിലോ ശമ്പളമോ ലഭിച്ചിരുന്നില്ല. ആഹാരമോ താമസ സൗകര്യമോ ലഭിക്കാതെ കഷ്ടപ്പെട്ട ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന്  ബന്ധുക്കൾ അഞ്ചലിലെ ഓഫിസിലെത്തി ബഹളം വച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് കേസായതോടെയാണ് സ്ഥാപനം അടച്ചു പൂട്ടി ദമ്പതികളും ജീവനക്കാരും സ്ഥലംവിട്ടത്.    

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പ്രതികളെ എറണാകുളം വരാപ്പുഴയിൽ നിന്നും അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ വ്യാജപേരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു ഇരുവരും. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസ് ഇവരുടെ പേരിലുണ്ടത്രേ. തമിഴ്നാട് സ്വദേശികളുൾപ്പെടെയുള്ള 64 പേരാണ് അഞ്ചൽ പൊലീസിൽ ഇവർക്കെതിരേ പരാതി നൽകിയത്. അഞ്ചൽ എസ്.എച്ച്.ഒ ഹരീഷ്, എസ്.ഐ പ്രജീഷ് കുമാർ ,സി പി.ഒമാരായ അബീഷ്, രമേഷ്, നവീന എസ്. പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. 

Tags:    
News Summary - Couple arrested for defrauding millions of rupees by promising foreign jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.