രാജ്​ കബീറും ഭാര്യ ദിവ്യയും 

വ്യവസായത്തിന് നഗരസഭയുടെ പൂട്ട്; വ്യവസായി ദമ്പതികൾ നാടുവിട്ടു

പാനൂർ: ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനംമടുത്ത് വ്യവസായി ദമ്പതികൾ നാടുവിട്ടു. തലശ്ശേരി വ്യവസായ പാർക്കിലെ 'ഫാൻസി ഫൺ' സ്ഥാപന ഉടമകളായ രാജ് കബീറും ഭാര്യ ദിവ്യയുമാണ് നാടുവിട്ടത്. ബാലസാഹിത്യകാരൻ പരേതനായ കെ. തായാട്ടിന്‍റെ മകനാണ് രാജ് കബീർ.

ഇരുവരെയും കാണാതായിട്ട് രണ്ടുദിവസമായി. കണ്ടെത്താൻ പൊലീസ് ഊർജിത ശ്രമം നടത്തുന്നുണ്ട്. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. 57കാരനായ രാജ് കബീറും ഭാര്യയും രണ്ടുമക്കളും താഴെ ചമ്പാടാണ് താമസം.

രാജ് കബീർ ഉടമസ്ഥനായ സ്ഥാപനത്തിന്റെ പ്രവർത്തനം തലശ്ശേരി നഗരസഭ നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലവിലുണ്ട്. സ്ഥാപനം പൂട്ടിയിടേണ്ടിവന്നതോടെ പത്തോളം തൊഴിലാളികളും കുടുംബവും ഒപ്പം ഉടമയായ താനും വരുമാന മാർഗം നിലച്ച് കഷ്ടപ്പെടുകയാണെന്ന രാജ് കബീറിന്റെ വാട്സ്ആപ് സന്ദേശം പ്രചരിക്കുന്നുണ്ട്. പലതവണ നഗരസഭ ചെയർപേഴ്സനെയും വൈസ് ചെയർമാനെയും കണ്ട് പ്രശ്നം പരിഹരിക്കണമെന്ന് അപേക്ഷിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും സന്ദേശത്തിൽ പറയുന്നു.

സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കിയ നടപടി ഹൈകോടതി സ്റ്റേ ചെയ്തിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നിഷേധാത്മക നിലപാടാണത്രെ ഉണ്ടായത്. എന്നാൽ, ആരോപണം തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി നിഷേധിച്ചു. നഗരസഭയുടെ സ്ഥലം കൈയേറിയതുകൊണ്ടാണ് നോട്ടീസ് നൽകിയതെന്നാണ് ഇവരുടെ വിശദീകരണം.

Tags:    
News Summary - couple went missing after Thalassery Municipality locked their furniture industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.