കൊച്ചി: അമ്മയുടെ മുന്നിൽ വെച്ച് രണ്ടാനച്ഛന്‍റെ ക്രൂരമർദനത്തിനിരയായ ഏഴു വയസ്സുകാരനെ സ്വന്തം പിതാവിന് വിട്ടുനൽകാൻ ഹൈകോടതി ഉത്തരവ്. ആറ്റുകാൽ സ്വദേശിയുടെ ക്രൂരതക്കിരയായതിനെ തുടർന്ന് ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടിയെ വിട്ടു കൊടുക്കാനാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്.
കഴിഞ്ഞ ഏപ്രിലിൽ നടന്ന സംഭവത്തിൽ പ്രതിയെ ബാല നീതി നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. അതിക്രൂരമായ മർദനത്തിനും തീപ്പൊള്ളലടക്കം പീഡനത്തിനും കുട്ടി ഇരയായിരുന്നു.
സംഭവത്തെ തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ വിട്ടിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ സ്വന്തം പിതാവ് കുട്ടിയെ വിട്ടുകിട്ടാൻ സമിതിക്ക് അപേക്ഷ നൽകിയെങ്കിലും കലക്ടറുടെ അനുമതി വേണമെന്ന കാരണം കാട്ടി തള്ളി. തുടർന്ന്, കലക്ടർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനു പിന്നാലെയാണ് അഡ്വ. ജിബു പി. തോമസ് മുഖേന പിതാവ് ഹൈകോടതിയെ സമീപിച്ചത്.
ഹരജിയിൽ കലക്ടർ, ശിശുക്ഷേമ സമിതി, അട്ടക്കുളങ്ങര പൊലീസ്, കുട്ടിയുടെ മാതാവ് എന്നിവർക്ക് കോടതി നോട്ടീസ് ഉത്തരവിട്ടു. തുടർന്നാണ് പിതാവിനൊപ്പം കുട്ടിയെ വിട്ടു നൽകാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.