വാര്‍ത്തയു​ടെ പേരിൽ ബ്ലാക്മെയിൽ: കര്‍മ ന്യൂസിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തള്ളി; പി.വി. അന്‍വര്‍ ചെസ്റ്റ് നമ്പര്‍ ഇട്ട് കേസില്‍ കുടുക്കുന്നു​വെന്ന് പ്രതിഭാഗം

തിരുവനന്തപുരം: വാര്‍ത്ത കൊടുക്കാതിരിക്കാൻ യാന മദര്‍ ആൻഡ്​ ചൈല്‍ഡ് ഹോസ്പിറ്റല്‍ ഉടമയോട് ഒരു കോടി രൂപ ആവശ്യപ്പെടുകയും തുക നല്‍കാത്തതിന് വാര്‍ത്ത സംപ്രേഷണം ചെയ്യുകയും ചെയ്ത കേസില്‍ ‘കര്‍മ ന്യൂസ്’ എന്ന ഓൺലൈൻ പോർട്ടലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തള്ളി. കര്‍മ ന്യൂസ് സ്റ്റാഫ് മാനേജര്‍ സിജു കെ. രാജന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയാണ് ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണു തള്ളിയത്.

പി.വി. അന്‍വര്‍ എം.എല്‍.എ ചെസ്റ്റ് നമ്പര്‍ ഇട്ട് തങ്ങളെ കേസില്‍ കുടുക്കിയതാണെന്നായിരുന്നു കര്‍മ ന്യൂസിന്‍റെ വാദം. എന്നാൽ, കേസുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ രാഷ്‌ട്രീയം കലര്‍ത്തി പറയാന്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് പറഞ്ഞു. കോടതിയില്‍ രാഷ്‌ട്രീയം പറയേണ്ടതില്ലെന്ന് കോടതിയും വ്യക്തമാക്കി.

അപകീര്‍ത്തികരമായ വാർത്ത നല്‍കാതിരിക്കാന്‍ കര്‍മ ന്യൂസ് പ്രതിനിധികള്‍ ആശുപത്രിയുടെ ഉള്ളൂര്‍ ഓഫിസില്‍ വന്ന് ഹോസ്പിറ്റല്‍ ഉടമയോട് ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ഫോര്‍ട്ട് പൊലീസ് എടുത്ത കേസില്‍ പറയുന്നത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് ആശുപത്രിയുടെ ഈഞ്ചക്കല്‍ ശാഖയുടെ മുന്നില്‍ ചിത്രീകരണം നടത്തി ഐ.വി.എഫ് ചികിത്സക്ക്​ എതിരായി അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്തു. ഇതിനെതിരെ ആശുപത്രി അധികൃതർ നൽകിയ കേസിലാണ് കര്‍മ ന്യൂസ് സ്റ്റാഫ് മാനേജര്‍ സിജു കെ. രാജൻ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നൽകിയത്.

വസ്തുതകൾ പുറത്തു കൊണ്ടുവരേണ്ട മാധ്യമങ്ങളുടെ പേരിൽ നടത്തുന്ന ഇത്തരം കച്ചവടങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

Tags:    
News Summary - Court rejected anticipatory bail plea Of Karma news in blackmail case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.