കോവിഡ്: നിർമാണ തൊഴിലാളികളുടെ ആനുകൂല്യ വിതരണത്തിലും ക്രമക്കേട് നടന്നുവെന്ന് സി.എ.ജി

കോവിഡ്: നിർമാണ തൊഴിലാളികളുടെ ആനുകൂല്യ വിതരണത്തിലും ക്രമക്കേട് നടന്നുവെന്ന് സി.എ.ജി

കോഴിക്കോട് : കോവിഡ് കാലത്ത് സംസ്ഥാനത്ത് കെട്ടിനിർമാണ തൊഴിലാളികളുടെ ആനുകൂല്യ വിതരണത്തിലും ക്രമക്കേട് നടന്നുവെന്ന് സി.എ.ജി റിപ്പോർട്ട്. അനൂകൂല്യത്തിനായി അപേക്ഷകൾ കെട്ടികിടക്കുമ്പോൾ മലപ്പുറത്ത്-1.89 കോടിയും കോഴിക്കോട്ട് -3.39 കോടി രൂപയും ചെലവഴിക്കാതെ തിരിച്ചടച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തി.

ലോക്ക്ഡൗൺ കാരണം ഗുണഭോക്താക്കൾ ഉണ്ടായ ബുദ്ധിമുട്ടുകൾ മറികടക്കാൻ സാമ്പത്തിക സഹായം നൽകാൻ ബോർഡ് തീരുമാനിച്ചു. 2020, 2021 വർഷങ്ങളിൽ ഗുണഭോക്താക്കൾക്ക് 1,000 രൂപ വീതം ബോർഡ് അനുവദിച്ചു. ഇതിന് 2020 ഏപ്രിൽ ഒന്നിന് ബോർഡ് ഉത്തരവ് ഇറക്കി.

ഇതിന്റെ വിതരണത്തിന് ചില വ്യവസ്ഥകളും നിശ്ചിയിച്ചു. ഗുണഭോക്താവിന് ഏറ്റവും കുറഞ്ഞത് രണ്ടുവർഷത്തെ സർവീസ് ഉണ്ടായിരിക്കണം. 2018 ൽ അംഗത്വം പുതുക്കിയിരിക്കണം. ഒരു കുടുംബത്തിൽനിന്ന് ഒരു ഗുണഭോക്താവിന് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. 2020 മാർച്ച് മുതൽ ജൂൺവരെ റിട്ടയർ ചെയ്യുന്നവരും മാരകരോഗ ധനസഹായത്തിന് അപേക്ഷിച്ചവരും ഈ ധനസഹായത്തിന് അർഹരല്ലെന്നായിരുന്നു വ്യവസ്ഥ. കോവിഡ് പോസിറ്റീവായ എല്ലാ ഗുണഭോക്താക്കൾക്കും 2021 ജനുവരി മുതൽ, 2,000 രൂപ വീതം ബോർഡ് അനുവദിച്ചു.

ഗുണഭോക്താവായി ചേർക്കപ്പെട്ട തീയതി, അംഗത്വം പുതുക്കിയ വിവരങ്ങൾ, ഗുണഭോക്താക്കളായ മറ്റു കുടുംബാംഗങ്ങളുടെ വിവരങ്ങൾ തുടങ്ങിയവയുടെ സമഗ്രമായ ഡാറ്റാബേസ് ബോർഡിൻറെ പക്കലില്ലെ പരിശോധനയിൽ കണ്ടെത്തി. ഇത്തരം പ്രസക്തമായ വിവരങ്ങളുടെ അഭാവം മൂലം നിർദിഷ്ട വ്യവസ്ഥകൾ എത്രമാത്രം പാലിക്കപ്പെടുന്നുവെന്ന് വിലയിരുത്താനോ കോവിഡ് ആനുകൂല്യത്തിന് അർഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഉചിതമായ സംവിധാനം നിലവിലുണ്ടെന്ന് അവകാശപ്പെടാനോ ബോർഡിന് സാധിച്ചില്ല. ഇതിന്റെ ഫലമായി അർഹതക്കുള്ള വ്യവസ്ഥകൾ അവഗണിച്ച് എല്ലാ ഗുണഭോക്താക്കൾക്കും ആനുകൂല്യം വിതരണം ചെയ്തു.

2020 ആഗസ്റ്റ് 15 വരെ വിതരണം ചെയ്യപ്പെടാത്ത കോവിഡ് സഹായ തുക, സർക്കാരിലേക്ക് തിരിച്ചടക്കണമെന്ന് സർക്കാർ എല്ലാ ക്ഷേമനിധി ബോർഡുകളോടും 2020 ജൂലൈയിൽ നിർദേശിച്ചു. ഈ നിർദ്ദേശമനുസരിച്ച് 2020 ആഗസ്റ്റ് 15ന് പ്രത്യേക ധനസഹായ വിതരണം നിർത്താനും, 2020 ആഗസ്റ്റ് 15ന് ശേഷം അവരുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള ബാക്കി തുക തിരിച്ചടക്കാനും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാരോട് ബോർഡ് നിർദേശിച്ചു (2020 ആഗസ്റ്റ് 08).

മലപ്പുറം ജില്ലാ ഓഫീസർ, 2020 ആഗസ്റ്റ് 15-ലെ കണക്കനുസരിച്ച് ചെലവഴിക്കാത്ത തുകയായ 1.55 കോടി പ്രധാന ഓഫീസിലേക്ക് തിരിച്ചടച്ചു. ആ തീയതിയിൽ 38.06 ലക്ഷത്തോളം ധനസഹായത്തിനുള്ള അപേക്ഷകൾ തീർപ്പാക്കാതിരിക്കുമ്പോഴാണ് ഈ തുക തിരിച്ചടച്ചത്.

കോഴിക്കോട് ജില്ലാ ഓഫീസർ വിതരണം ചെയ്യാൻ 1.89 കോടി രൂപയുണ്ടായിരുന്നു. എന്നാൽ, കോവിഡ് ധനസഹായം ചെലവഴിക്കാത്ത തുകയായ 3.39 കോടി പ്രധാന ഓഫീസിലേക്ക് തിരിച്ചടച്ചു. അങ്ങനെ, പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ അനുവദിച്ച അർഹമായ ധനസഹായം ഈ അപേക്ഷകർക്ക് നിഷേധിക്കപ്പെട്ടു.

ഗുണഭോക്താക്കളുടെ ബാങ്ക് വിവരങ്ങളുൾപ്പെടെ ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ടത് ജില്ലാ ഓഫീസർമാരുടെ ഉത്തരവാദിത്വമായിരുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പരും ഐ.എഫ്.എസ്‌.സി വിവരങ്ങളും അടങ്ങുന്ന കൃത്യതയുള്ള ഡാറ്റാബേസ് ഇല്ലാത്തതിനാൽ, അപേക്ഷകർക്ക് ആനുകൂല്യം നൽകാൻ സാധിച്ചില്ല.

എറണാകുളം ജില്ലയിലെ പേയ്മെൻറ് ഡാറ്റ വിശകലനം ചെയ്തപ്പോൾ, 182 കേസുകളിൽ, രണ്ടു വ്യത്യസ്ത ഗുണഭോക്താക്കൾക്കുള്ള ധനസഹായം ഒരേ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നതെന്ന് കണ്ടെത്തി. ഇത് വഴി 1.82 ലക്ഷത്തിന്റെ ക്രമരഹിതമായ ഇടപാടിന് കാരണമായി. ഇതിന് 2024 സെപ്റ്റംബർ വരെ സർക്കാർ ഒരു മറുപടിയും നൽകിയിട്ടില്ല.

സാമ്പത്തിക സഹായത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നത് ത്വരിതപ്പെടുത്താൻ ഗുണഭോക്താക്കൾക്കു ലഭിച്ച ആനുകൂല്യങ്ങളുടെ പൂർണമായ വിവരം, പൂർണമായ ബാങ്കിംഗ് വിശദാംശങ്ങൾ മുതലായവ അടങ്ങുന്ന ഗുണഭോക്താക്കളുടെ ഒരു ഡാറ്റാബേസ്, ബോർഡ് പരിപാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ

Tags:    
News Summary - Covid: CAG says irregularities also occurred in the distribution of benefits to construction workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.