ഒറ്റപ്പാലം: നോട്ട് നിരോധനത്തോടെ പ്രതിസന്ധിയിലായ ഭൂമി ക്രയവിക്രയത്തിന് കോവിഡ് വ്യാപന ഭീഷണി കനത്ത പ്രഹരമേൽപിക്കുന്നു. അത്യാവശ്യഘട്ടത്തിൽ കൈവശമുള്ള സ്വർണം വിറ്റ് കാര്യം നിവർത്തിക്കാൻ അവസരമുണ്ടായാലും ഭൂമി ഇടപടിന് ആളില്ലെന്ന അവസ്ഥയാണ്. പണ്ട് ചോദിച്ചതിലും പാതി വിലക്ക് വിൽക്കാൻ തയാറായാലും വാങ്ങാൻ ആളില്ലെന്നതാണ് ഇന്നത്തെ പരാധീനത.
ലാഭകരമായ നിക്ഷേപമായി കണ്ട് ഭൂമി വാങ്ങിക്കൂട്ടിയിരുന്നവർ നിയമത്തിെൻറ നൂലാമാലകൾ ഭയന്ന് പിൻവാങ്ങിയതാണ് സ്ഥലക്കച്ചവടത്തിന് തിരിച്ചടിയായത്. വിലകുറച്ച് ആധാരം രജിസ്റ്റർ ചെയ്യുന്നതിലൂടെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് നേടാനോ ഇടപാട് പണം സുതാര്യമായി കൈകാര്യം ചെയ്യാനോ കഴിയാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഏതാനും വർഷം മുമ്പ് വരെ തിക്കിലും തിരക്കിലും അമർന്നിരുന്ന സബ് രജിസ്ട്രാർ ഓഫിസുകൾ ആളൊഴിഞ്ഞ അവസ്ഥയിലാണ്.
'നാളും പക്കവും' ഒത്തുവരുന്ന ശുഭസൂചക ദിനങ്ങളിൽ 40-45 വരെ രജിസ്ട്രേഷൻ നടന്നിരുന്ന ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫിസിൽ ഇപ്പോഴുള്ളത് പത്തിന് താഴെ മാത്രമാണ്. ഇതിൽ കുടുംബ സ്വത്ത് ഭാഗം വെച്ചുള്ള ഭാഗപത്രം രജിസ്ട്രേഷനും ഉൾപ്പെടും. പല പ്രദേശങ്ങളും കെണ്ടയ്ൻമെൻറ് സോണുകളായി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ അത്തരം പ്രദേശങ്ങളിൽ നിന്നുള്ള ഇടപാടുകൾ പൂർണമായും നിലക്കും.
സ്ഥലക്കച്ചവടത്തിൽ മധ്യസ്ഥം വഹിക്കാൻ വ്യാപകമായുണ്ടായിരുന്ന ബ്രോക്കർമാരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോഴും രംഗത്തുള്ളത്. മറ്റുതൊഴിലുകൾക്കിടയിലെ ഉപതൊഴിൽ മാത്രമാണ് അവർക്കിന്ന് ബ്രോക്കർ പണി.
ഇടപാടിനിടയിൽ വിൽക്കാൻ കഴിയാതെ തലയിലായ സ്ഥലവുമായി സാമ്പത്തിക ബാധ്യത പേറുന്നവരും ഇവർക്കിടയിലുണ്ട്. ആധാരമെഴുത്ത് തൊഴിലാക്കിയവരാണ് കൂടുതൽ ബുദ്ധിമുട്ടിലായത്. വരുമാനമില്ലാത്ത ഓഫിസ് തുറന്നിരിക്കേണ്ട അവസ്ഥയിലാണ്.
ഭൂമിയുടെ വിലയിലുണ്ടായ ഇടിവ് ബാങ്കുകൾ നൽകുന്ന വസ്തു പണയ വായ്പകളുടെ തുകയിലും സാരമായ കുറവുണ്ടാക്കി. വസ്തു മൂല്യ നിർണയത്തിൽ ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനം വായ്പ അനുവദിക്കുന്നതാണ് ബാങ്കുകളുടെ രീതി. മാർക്കറ്റ് വില സാരമായി കുറഞ്ഞതോടെ വായ്പ സംഖ്യയും ചുരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.