തിരുവനന്തപുരം: ഹൈസ്കൂൾ/ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ സ്കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇതിനായി സ്കൂൾ പ്രിൻസിപ്പൽ/പ്രഥമാധ്യാപകൻ എന്നിവരെ ചുമതലപ്പെടുത്തി. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകൾ വെള്ളിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് അടയ്ക്കുകയും പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്തരവ്. രണ്ടാഴ്ചക്ക് ശേഷമുള്ള സാഹചര്യം വിലയിരുത്തിയാകും ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകൾ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് നിർദേശം നൽകുക. സ്കൂൾ ഓഫിസുകൾ കോവിഡ് മാനദണ്ഡ പ്രകാരം പ്രവർത്തിക്കുകയും എല്ലാ അധ്യാപകരും ഹാജരാവുകയും വേണം. ജനുവരി 22, 23 തീയതികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾ ശുചീകരണ/അണുനശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും നിർദേശമുണ്ട്.
സ്കൂളുകളിലെ വാക്സിനേഷൻ ഡ്രൈവ് തടസ്സമില്ലാതെ നടക്കുന്നെന്ന് വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പുവരുത്തണം. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികൾ ഡിജിറ്റൽ/ഓൺലൈൻ പഠനത്തിലേക്ക് മാറുന്നതിനാൽ പഠനത്തുടർച്ച ഉറപ്പുവരുത്തണം. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസുകൾ കാണാൻ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രഥമാധ്യാപകന്റെ/പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ ഉറപ്പുവരുത്തണം. ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ ലാബ് പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണം. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാൻ അനുയോജ്യമായ പുസ്തകങ്ങൾ ല്യമാക്കണം. ഡിജിറ്റൽ ക്ലാസുകൾക്ക് ഓൺലൈനിൽ പഠനപിന്തുണ പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.