തൃശൂർ: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. ഏങ്ങണ്ടിയൂർ സ്വദേശി ബി.എൽ.എസ് റോഡിൽ വഴിനടക്കൽ വീട്ടിൽ കുമാരനാണ് (87) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.
ന്യൂമോണിയ ബാധിച്ച് രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച ഉടൻ മരിക്കുകയായിരുന്നു. ഇദ്ദേഹം പ്രമേഹ രോഗബാധിതനുമായിരുന്നു.
ഇതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ 40 പേരോടും ഇദ്ദേഹത്തിന്‍റെ ബന്ധുക്കളോടും ഐസൊലേഷനിൽ പോകാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു.
അസുഖ ബാധിതനായി സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോൾ ഇദ്ദേഹത്തിന് ആരുമായെല്ലാം സമ്പർക്കമുണ്ടായെന്ന് ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. ശ്വാസംമുട്ടലിന് പിന്നാലെ ന്യുമോണിയയുമുണ്ടായിരുന്നു. ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കഴിഞ്ഞ മൂന്നിനാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച വൈകീട്ട് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഉടനെയായിരുന്നു മരണം. കോവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഭാര്യ: സരോജിനി. മക്കൾ: സുധീഷ്, പ്രതീഷ്, ജിഷ, നിഷ.
തൃശൂർ ജില്ലയിൽ ഞായറാഴ്ച 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 137 ആയി. 103 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.