കോഴിക്കോട്: കോവിഡ് സമ്പർക്ക വ്യാപനത്തിനിടെ നഗരത്തിലെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവം ആശങ്കയും ഭീതിയും വർധിപ്പിക്കുന്നു. കാരപ്പറമ്പിൽ മാതാവും മകളും മരിച്ചതിനു പിന്നാലെ ഒരാഴ്ചക്കിടെയാണ് മരുമകനും മരിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് കുടുംബത്തിലെ രണ്ടുപേർ കോവിഡ് ബാധിച്ച് മരിക്കുന്നത്. മരുമകന് രോഗബാധ സ്ഥിരീകരിച്ചില്ലെങ്കിലും സമ്പർക്ക വിലക്കിൽ കഴിയുന്നതിനിടെയാണ് മരണം. ഇവരുടെയൊന്നും രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. റുഖിയയുടെ ബന്ധുക്കളായ 14 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തുടർച്ചയായ മരണങ്ങൾ കുടുംബത്തിന് സമാനതകളില്ലാത്ത വേദനയും ആശങ്കയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകരും നാട്ടുകാരും അതിജാഗ്രതയിലാണ്.
റുഖിയയുടെ സമ്പർക്കപ്പട്ടിയിലുള്ള 125 പേരുടെ സ്രവ പരിശോധന പൂർത്തിയായി. റുഖിയയുെടയും മകളുടെയും മൃതദേഹങ്ങൾ കണ്ണംപറമ്പ് ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. അടുത്ത ബന്ധുക്കൾക്കു പോലും ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കേണ്ട അവസ്ഥയുണ്ടായി. തിങ്കളാഴ്ച നടന്ന പരിശോധനയിൽ വീട്ടിലെ രണ്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്ട് കുടുംബങ്ങളിൽ സമ്പർക്കപ്പകർച്ച കുടുന്നതായാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ.
പുറത്തുപോകുന്നവർ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കാത്തതാണ് വീടുകളിലുള്ളവർക്ക് രോഗം വരുന്നതിന് ഇടയാക്കുന്നത്. വീടുകളിൽനിന്നു പുറത്തുപോകുന്നവർ കോവിഡ് പ്രതിരോധ മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു.
സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ 15 -25 വയസ്സിന് ഇടയിലുള്ളവരാണ് വീടിനു പുറത്തു പോകുന്നത്. സുരക്ഷ മുൻകരുതൽ സ്വീകരിക്കാതെ പുറത്ത് ഇടപഴകി തിരിച്ചെത്തുന്നവർ വീടുകളിലുള്ളവർക്ക് രോഗം പകർത്തുകയാണെന്ന്് അധികൃതർ പറയുന്നു.
രോഗികളെയും പ്രായമുള്ളവരെയും കുട്ടികളെയുമാണ് മരണം തട്ടിയെടുക്കുന്നത്. ശ്വാസകോശ, വൃക്ക, ഹൃദ്രോഗം, പ്രമേഹം, അർബുദം എന്നിവയുള്ളവരാണ് മരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.