കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്കിടയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ 19 ആരോഗ്യപ്രവർത്തകർ കോവിഡ് പോസിറ്റിവായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.
ഡോക്ടർമാരും നഴ്സുമാരും നഴ്സിങ് അസിസ്റ്റൻറുമാർ ഉൾപ്പെടെയുള്ള ജീവനക്കാരാണിത്. ആശുപത്രി ജീവനക്കാർ കോവിസ് പോസിറ്റിവ് ആകുകയോ രോഗിയുമായി സമ്പർക്കത്തിൽ വരുകയോ ചെയ്യുമ്പോൾ ചികിത്സതേടുന്നതിനായി മാറ്റിവെച്ച പേവാർഡുകൾ എല്ലാം നിറഞ്ഞിരിക്കുകയാണ്. ശനിയാഴ്ചയും ആറ് ആരോഗ്യപ്രവർത്തകർ കോവിഡ് പോസിറ്റിവ് ആയിട്ടുണ്ട്.
ആശുപത്രിയിൽ നിലവിലെ സ്ഥിതി അതിരൂക്ഷമാണെന്ന് ഡോക്ടർമാർ പറയുന്നു. നിലവിൽ ആശുപത്രിയിൽ താഴെനില പൂർണമായും കോവിഡ് രോഗികൾക്ക് മാറ്റിവെച്ചു. ഒന്നാം നിലയിൽ പകുതിയോളം കോവിഡ് രോഗികൾ നിറഞ്ഞു. ദിവസവും ശരാശരി 40 പേരാണ് കോവിഡ് പോസിറ്റിവായി എത്തുന്നത്.
മെഡിക്കൽ കോളജിലും ഐ.എം.സി.എച്ച് ആശുപത്രിയിലും ഉൾപ്പെടെ 322 പേരെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. അതിൽ 279 പേരും പോസിറ്റിവാണ്. 115 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളാണ്.
ഐ.സി.യുവിൽ കഴിയുന്നവരിൽ 23 പേരാണ് പോസിറ്റിവ്. 16 പേർ വെൻറിലേറ്റർ സഹായത്തോടെ കഴിയുന്ന അതി ഗുരുതര രോഗികളാണ്. രോഗികളോടൊപ്പം തന്നെ മരണനിരക്കും വളരെ കൂടുതലാണ്. ശനിയാഴ്ച വൈകീട്ട് 3.30വരെയുള്ള കണക്ക് പ്രകാരം 12 പേരാണ് മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ 22ന് 18ഉം 23ന് 13ഉം പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.